ഗാനങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ അനുയോജ്യമായ ഭാഷ ഹിന്ദിയാണെന്ന് ഇളയരാജ അഭിപ്രായപ്പെട്ട ഒരു പഴയ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്
സംഗീതം പകര്‍ന്ന നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെ മാത്രമല്ല, മറിച്ച് സാമൂഹ്യ വിഷയങ്ങളില്‍ സ്വന്തം നിലപാടുകള്‍ പങ്കുവച്ചും ശ്രദ്ധ നേടാറുണ്ട് തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ (Yuvan Shankar Raja). ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും അത്തരത്തില്‍ ചര്‍ച്ചയാവുകയാണ്. കറുപ്പ് നിറത്തിലുള്ള ടീഷര്‍ട്ടും മുണ്ടും ധരിച്ച് ഒരു കടല്‍ത്തീരത്ത് നില്‍ക്കുന്ന തന്‍റെ ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്‍തിരിക്കുന്നത്. അതിനൊപ്പം ചേര്‍ത്തിരിക്കുന്ന ക്യാപ്ഷന്‍ ആണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്.
കറുത്ത ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍ എന്നാണ് യുവന്‍റെ കുറിപ്പ്. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെയുള്ള പരോക്ഷ വിമര്‍ശനമാണെന്നും അതല്ല അച്ഛന്‍ ഇളയരാജയുടെ ചില പരാമര്‍ശങ്ങളോടുള്ള വിമര്‍ശനമാണെന്നും സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത വിശകലനങ്ങള്‍ വരുന്നുണ്ട്.
ഭരണഭാഷ ഔദ്യോഗിക ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്. ഇത് തീർച്ചയായും ഹിന്ദിയുടെ പ്രാധാന്യം വർദ്ധിപ്പിക്കും. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രധാന ഭാഗമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാർ പരസ്പരം ആശയവിനിമയം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയിലായിരിക്കണം. പ്രാദേശിക ഭാഷകളല്ല, ഇംഗ്ലീഷിന് പകരമായി ഹിന്ദിയാണ് ഉപയോഗിക്കേണ്ടത്. പ്രാദേശിക ഭാഷകളിൽ നിന്നുള്ള വാക്കുകളും കൂട്ടിച്ചേർത്ത് ഹിന്ദി കൂടുതൽ ലളിതമാക്കണം, പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37-ാമത് യോഗത്തില്‍ അമിത് ഷാ നടത്തിയ പരാമര്‍ശം ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. സംഗീത സംവിധായകന്‍ എ ആര്‍ റഹ്‍മാന്‍ ഉള്‍പ്പെടെ പലരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം നരേന്ദ്ര മോദിയെയും ബി ആര്‍ അംബേദ്കറെയും താരതമ്യപ്പെടുത്തിക്കൊണ്ട് ഒരു പുസ്‍തകത്തിന് ഇളയരാജ എഴുതിയ ആമുഖക്കുറിപ്പിനുള്ള പരോക്ഷ വിമര്‍ശനമാണ് യുവന്‍റെ പോസ്റ്റ് എന്നും നിരീക്ഷണമുണ്ട്. ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച അംബേദ്കര്‍ ആന്‍ഡ് മോദി- റിഫോമേഴ്സ് ഐഡിയാസ്, പെര്‍ഫോമേഴ്സ് ഇംപ്ലിമെന്‍റേഷന്‍ എന്ന പുസ്തകത്തിന്‍റെ ആമുഖത്തിലായിരുന്നു ഇളയരാജയുടെ അഭിപ്രായ പ്രകടനം. അംബേദ്കറും മോദിയും സമൂഹത്തിലെ അശക്തരായ വിഭാഗങ്ങളിലെ ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കെതിരെ പട പൊരുതി. ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണ്. ഇന്ത്യയ്ക്കുവേണ്ടി വലിയ സ്വപ്നങ്ങള്‍ കണ്ടു. ചിന്തയില്‍ മാത്രമായി ഒതുങ്ങാതെ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യര്‍ കൂടിയാണ് ഇവര്‍, മുത്തലാഖ് നിരോധനം, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ മോദിയെ ഓർത്ത് അംബേദ്കര്‍ അഭിമാക്കുന്നുണ്ടാകുമെന്നും പുസ്തകത്തിന്റെ ആമുഖത്തില്‍ ഇളയരാജ കുറിച്ചിരുന്നു. പ്രസാധകര്‍ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഈ ആമുഖം ഷെയര്‍ ചെയ്തതോടെയാണ് ചര്‍ച്ചാ വിഷയമായത്. പിന്നാലെ ഇളയരാജയെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള വാദങ്ങളും ഉയര്‍ന്നിരുന്നു.
അതേസമയം ഗാനങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ അനുയോജ്യമായ ഭാഷ ഹിന്ദിയാണെന്ന് ഇളയരാജ അഭിപ്രായപ്പെട്ട ഒരു പഴയ അഭിമുഖവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. കൂടുതല്‍ വൈവിധ്യവും സൌന്ദര്യബോധവുമുള്ള ഭാഷ ഹിന്ദി ആണെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്.
