Asianet News MalayalamAsianet News Malayalam

'അമ്മ'യ്ക്ക് വീഴ്ച സംഭവിച്ചു, ആരോപണ വിധേയര്‍ സ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണം; വിലക്ക് പാടില്ലെന്നും പൃഥ്വിരാജ്

കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഞാൻ ഇതിൽ ഇല്ലാ എന്ന് പറയുന്നതിൽ തീരുന്നില്ല എന്റെ ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് പറഞ്ഞു. 

'Allegation should be investigated, action should be taken if crime is resisted': Prithviraj about hemacommittee report
Author
First Published Aug 26, 2024, 5:11 PM IST | Last Updated Aug 26, 2024, 5:32 PM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് നടൻ പൃഥ്വിരാജ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകണം. ആരോപണം തെറ്റെന്നു തെളിഞ്ഞാൽ തിരിച്ചും നടപടി വേണമെന്നും പൃഥ്വിരാജ് പറഞ്ഞു. കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഞാൻ ഇതിൽ ഇല്ലാ എന്ന് പറയുന്നതിൽ തീരുന്നില്ല എന്റെ ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് പറഞ്ഞു. 

അമ്മയുടെ നിലപാട് ദുർബലമാണ്. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം, ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ല. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്‌തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേർന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരും എന്നു പ്രതീക്ഷിക്കുന്നു. സിനിമയിൽ ബഹിഷ്കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേർത്തു. എല്ലാ സംഘടനയുടേയും തലപ്പത്ത് സ്ത്രീകൾ വേണമെന്നാണ് നിലപാട്. കോണ്‍ക്ലേവ് പ്രശ്ന പരിഹാരം ഉണ്ടാകട്ടെ. എന്നാൽ കഴിയുന്നത് എല്ലാം ചെയ്യാമെന്നും പൃഥ്വിരാജ് പറഞ്ഞു. 

തിരുത്തൽ നടന്നത് മലയാള സിനിമയിലാണ് എന്നത് ചരിത്രം രേഖപ്പെടുത്തും. തിരുത്തൽ ഇന്ത്യയിൽ തന്നെ മലയാള സിനിമ മേഖലയിലാണ് എന്ന് ചരിത്രം രേഖപ്പെടുത്തും. സിനിമ കോൺക്ലേവ് പ്രശ്നപരിഹാരത്തിന് കൂടി ഉപകരിക്കട്ടെ എന്ന്   പ്രത്യാശിക്കാനല്ലേ പറ്റൂ. ഏതെങ്കിലും പ്രശ്നം പരിഹരിക്കാൻ ഉപകരിക്കുമെങ്കിൽ നല്ലതെന്നും പൃഥ്വിരാജ് പറഞ്ഞു. അതിനിടെ, 

കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികളാണ് റീത്ത് വെച്ചത്. അച്ഛൻ ഇല്ലാത്ത 'അമ്മ'യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്. അതേസമയം, മലയാള സിനിമയുടെ താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവച്ചിരുന്നു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. 

നടനും അമ്മ പ്രസിഡന്‍റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോ​ഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. 

അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്. യോഗത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനിരുന്നതാണ്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. കൂടാതെ ഓരോദിവസവും ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ അമ്മയുടെ നിലപാട് വ്യക്തമാക്കണം. 

സംഘടനയുടെ മുന്നോട്ട് പോക്ക് തുടങ്ങിയവയെ കുറിച്ച് പറയേണ്ടതുണ്ട്. ഈ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാനുള്ള യോഗമാണ് പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ മാറ്റിവച്ചത്. നിലവില്‍ ബാബുരാജാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി കൂടിയാണ് ബാബു രാജ്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം. 

സിനിമയിലെ മോശം പെരുമാറ്റം; മിനു മുനീറിന്റെ വെളിപ്പെടുത്തലിൽ കോൺ​ഗ്രസ് നേതാവും, പ്രതികരണവുമായി നേതാവ്

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios