നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ സിദ്ദിഖ് ആദ്യമായി  നായക വേഷത്തിൽ  അഭിനയിക്കുന്ന ചിത്രം  'ഒരു കടത്ത്‌ നാടൻ കഥ' ഒക്ടോബർ രണ്ടാം വാരം പ്രദർശനത്തിനെത്തും.  നവാഗതനായ  പീറ്റർ സാജനാണ്  ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ  രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 

 

ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴൽപ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് റിതേഷ് കണ്ണനാണ്. ഷഹീൻ സിദ്ദിഖിനൊപ്പം പ്രദീപ് റാവത്ത്‌ , സലിം കുമാർ, സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്‌കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് എന്നീ  താരങ്ങളും ചിത്രത്തിന്റെഭാഗമാകുന്നു . 

എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത ഷാനുവെന്ന യുവാവിന്റെ ഉമ്മയ്ക്ക് ഒരു അപകടം സംഭവിക്കുന്നു. അതിനെ തുടർന്ന് ഓപ്പറേഷന് പണം കണ്ടെത്താൻ കുഴൽ പണം കടത്താൻ തയ്യാറാവുന്ന ഷാനുവിന്റെ ജീവിതത്തിൽ ഒരു ദിവസം  രാവിലെ എട്ടു മുതൽ വൈകിട്ട് ആറു  മണി വരെ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നീരാഞ്ജനം സിനിമാസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ തിരക്കഥ പീറ്റർ സാജൻ , അനൂപ്മാധവ് എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്. ക്യാമറ  ജോസഫ് .സി .മാത്യു, എഡിറ്റർ പീറ്റർ സാജൻ, സംഗീതം  അൽഫോൻസ്  ജോസഫ്. ഗാനരചന ഹരീഷ് നാരായണൻ, ജോഫി തരകൻ. പി .ആർ .ഒ  ആതിര ദിൽജിത്ത്, വാഴൂർ ജോസ്.