21 ദീപങ്ങള്‍ മിഴി തുറന്നു. ഇനി ഒരാഴ്ച തലസ്ഥാനത്ത് സിനിമാകാലം. ചലച്ചിത്ര മേളയുടെ വികസനം സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്കുകൂടി മുതല്‍കൂട്ടാണെന്ന് മേള ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര മേളക്ക് സ്ഥിരം വേദിയെന്ന സ്വപ്നം ഉടന്‍ സാക്ഷാത്കരിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മികച്ച മലയാള സിനിമകളെ അന്തര്‍ദേശീയ മേളകളിലെത്താനായി സ്ഥിരം സംവിധാനം സര്‍ക്കാര്‍ ആവിഷ്കരിച്ചതായും മന്ത്രി പറഞ്ഞു.

1996ല്‍ ഉണ്ടായ ഒരു അനുഭവം വിവരിച്ചായിരുന്നു മുഖ്യാതിഥി അമോല്‍ പരേക്കറുടെ പ്രസംഗം. ഭിന്നലിംഗക്കാരെക്കുറിച്ചുള്ള ദായിറ എന്ന സിനിമയ്ക്ക് അന്ന് ചലച്ചിത്രമേളയില്‍ അനുമതി നിഷേധിച്ചിരുന്നു. ഇന്ന് ഭിന്നലിംഗക്കാരെ കുറിച്ചുള്ള പ്രത്യേക പാക്കേജ് മേളയില്‍ ഉള്‍പ്പടുത്തിയതിലെ സന്തോഷം അദ്ദേഹം പങ്കുവച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ സാംസ്കാരിക രംഗത്ത് 2,500 കോടിയുടെ നിക്ഷേപമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വിഖ്യാത ചെക്കോസ്ലോവോക്യന്‍ സംവിധായകന്‍ ജെറിമെന്‍സിലിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു. തുടര്‍ന്ന്  കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. പലായത്തിന്റെ കഥപറയുന്ന അഫ്ഗാന്‍ സിനിമ പാര്‍ട്ടിനായിരുന്നു ഉദ്ഘാടന ചിത്രം.