തിരുവനന്തപുരം: ഈ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ പത്തിന് ആരംഭിക്കും. അഞ്ച് വിഭാഗങ്ങളിലായി നവംബര്‍ പത്ത് മുതല്‍ ഇരുപത്തിനാല് വരെയാണ് രജിസ്‌ട്രേഷന്‍ നടക്കുക. നവംബര്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ വിദ്യാര്‍ത്ഥികള്‍, പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ പൊതുവിഭാഗം, പതിനാറ് മുതല്‍ പതിനെട്ട് വരെ സിനിമ, ടി.വി പ്രൊഫഷണലുകള്‍, പത്തൊമ്പത് മുതല്‍ ഇരുപത്തി ഒന്ന് വരെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ ഇരുപത്തിരണ്ട് മുതല്‍ ഇരുപത്തി നാല് വരെ മീഡിയ, എന്നിങ്ങനെയാണ് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ തിയ്യതികള്‍.

650 രൂപയാണ് ഡെലിഗേറ്റ് ഫീസ് വിദ്യാര്‍ത്ഥികള്‍ 350 രൂപയും.  14 തിയേറ്ററുകളിലായി 8,048 സീറ്റുകളാണ് ഉള്ളത്. പരമാവധി പതിനായിരം പാസുകള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ത്ഥികള്‍ക്കും സിനിമ ടി.വി പ്രൊഫഷണലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിം സൊസൈറ്റികള്‍ക്കും 500 വീതം. പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

അക്കാഡമിയുടെ www.iffk.inഎന്ന വെബ്‌സൈറ്റില്‍ apply for the Event എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണമടക്കുകയാണ് വേണ്ടത്. നേരത്തെ പ്രതിനിധികളായിരുന്നവര്‍ക്ക് പഴയ പാസ്വേഡും യൂസര്‍നൈയിമും ഉപയോഗിക്കാം. അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും പണമടക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ട്. ഡിസംബര്‍ എട്ടു മുതല്‍ 15 വരെയാണ്  അന്താരാഷ്ട്ര ചലച്ചിത്രോത്സവം.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. ബ്രസീല്‍ സിനിമകളുടെ പാക്കേജാണ് ഇത്തവണത്തെ രാജ്യാന്തര ചലചിത്ര മേളയുടെ പ്രധാന ഹൈലൈറ്റ്. റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സുഖറോവിന്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. സുഖറോവിന്‍ മേളയ്‌ക്കെത്തും.