102കാരനാകാൻ അമിതാഭ് ബച്ചനും 75കാരനാകാൻ ഋഷി കപൂറും ദിവസവും ചെലവിട്ടത് 7 മണിക്കൂര്‍!

അമിതാഭ് ബച്ചനും ഋഷി കപൂറും ഒരിടവേളയ്‍ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് 102 നോട്ട് ഔട്ട്. ചിത്രത്തില്‍ അച്ഛനും മകനുമായിട്ടാണ് അമിതാഭ് ബച്ചനും ഋഷികപൂറും അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് 102 വയസ്സും ഋഷി കപൂറിന്റെ കഥാപാത്രത്തിന് 75 ഉം ആണ് പ്രായം. ചിത്രത്തിലെ ഇരുവരുടെയും ലുക്ക് വൻ ചര്‍ച്ചയായിരുന്നു. ആ മേയ്‍ക്ക് ഓവറിലെത്താൻ ഇരുവരും ഏഴ് മണിക്കൂറോളം ചെലവിട്ടെന്നാണ് സംവിധായകൻ ഉമേഷ് ശുക്ല പറയുന്നത്.

ഒരു ദിവസം ആറ് മണിക്കൂറോളം ഷൂട്ടിംഗ് ഉണ്ടാകും. ഓരോ ദിവസവും ഏഴ് മണിക്കൂറോളമാണ് അമിതാഭ് ബച്ചനും ഋഷി കപൂറും മേയ്‍ക്ക് അപ്പിനായി ചെലവഴിക്കുക. സാധാരണ വൈകുന്നേരം ആറ് മണി വരെയാണ് ഷൂട്ട് ഉണ്ടാകുക. ചിലപ്പോള്‍ അത് രാത്രി ഒമ്പത് മണി വരെയും ആകാറുണ്ട്. 45 ദിവസത്തെ ഷെഡ്യൂളില്‍ അഞ്ച് ദിവസങ്ങളില്‍ രാത്രിയും ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്- ഉമേഷ് ശുക്ല പറയുന്നു.

ഗുജറാത്തിലെ പ്രശസ്‍തമായ ഒരു നാടകം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏറ്റവും പ്രായംകൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാൻ ശ്രമിക്കുന്ന അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോര്‍ഡുള്ള ചൈനക്കാരനെ മറികടക്കാൻ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന് 16 വര്‍ഷം കൂടി ജീവിക്കണം. അതിനുവേണ്ടിയുള്ള ശ്രമമാണ് ചിത്രത്തില്‍ അയാള്‍ നടത്തുന്നത്.