സിനിമരംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ വരുന്ന കാലത്ത്, അത്തരം അനുഭവം പങ്കുവച്ച് നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്‍. ഒരു മലയാളി സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. തമിഴിലും ചിത്രങ്ങള്‍ എടുക്കുന്ന പ്രമുഖനായ സംവിധായകന്‍ തന്നെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. അതിനായി സമീപിച്ചപ്പോള്‍ ഞാന്‍ എതിര്‍ത്തു. ഇതിനെ തുടര്‍ന്ന് അഭിനയിച്ച ചില രംഗങ്ങള്‍ 25 തവണയൊക്കെ വീണ്ടും ചിത്രീകരിച്ചു. മന:പ്പൂര്‍വ്വമായിരുന്നു അത്. മോശം പെരുമാറ്റത്തിന് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൂടുതല്‍ മോശമായിട്ടായിരുന്നു പെരുമാറ്റം. 

സിനിമ രംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും, സ്ത്രീ അവഗണനയെക്കുറിച്ചും ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തോട് സംസാരിക്കുകയായിരുന്നു ലക്ഷ്മി രാമകൃഷ്ണന്‍. ഇതിന് ഒപ്പം സിനിമ രംഗത്തെ നീക്കുപോക്കുകളെക്കുറിച്ചും ഇവര്‍ തുറന്നു പറയുന്നു. അടുത്തകാലത്ത് ഒരു സംവിധായകന്‍ അയച്ച ആള്‍ പ്രോജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ എന്റെ ഫ്ലാറ്റിലെത്തി. 

ആദ്യം സിനിമയെക്കുറിച്ച് പറഞ്ഞു. പിന്നെ ചില നീക്കുപോക്കുകളെക്കുറിച്ചും പറഞ്ഞു. എന്നാല്‍ ഡേറ്റിന്റെ വിഷയമാണ് നീക്കുപോക്കുകള്‍ എന്ന് ഉദ്ദേശിക്കുന്നതെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ പിന്നീട് ഞെട്ടലോടെ മനസിലാക്കി. അയാള്‍ മറ്റുചില കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസിലാക്കിയത്. കൂടുതലൊന്നും സംസാരിക്കാതെ അയാളെ പുറത്താക്കിയെന്ന് ലക്ഷ്മി പറയുന്നു. തമിഴില്‍ മൂന്നോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇവരുടെ ടോക്ക് ഷോ തമിഴില്‍ ഹിറ്റാണ്. മലയാളത്തില്‍ ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യമാണ് ഇവര്‍ അവസാനം അഭിനയിച്ച ചിത്രം.