കാന്താര ചാപ്റ്റർ 1ന് വലിയ ആവേശമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഫ്രെയിം മുതൽ അവസാനം വരെ പ്രത്യേകിച്ച് ക്ലൈമാക്സ് എല്ലാം വേറെ ലെവൽ എക്സ്പീരിയൻസ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
കഴിഞ്ഞ കുറച്ചു നാളായി തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1. ഏറെ നാളത്തെ കാത്തിരിപ്പ് വെറുതെയായില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും ഇപ്പോൾ വ്യക്തമാകുന്നത്. ഋഷഭ് ഷെട്ടി എന്ന സംവിധായകന്റെയും നടന്റെയും അത്യുഗ്രൻ പ്രകടനമാണ് ചിത്രത്തിൽ കാണാനാകുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. ഒപ്പം മാസ് എന്റർടെയ്മെന്റിന്റെ അവസാന വാക്കാണ് കാന്താര ചാപ്റ്റർ 1 എന്നും ഇവർ പറയുന്നുണ്ട്. റിലീസിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. അക്കൂട്ടത്തിലൊരു വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധനേടുകയാണ്.
കാന്താരയുടെ സ്ക്രീനിംഗ് നടന്ന ബംഗല്ലൂരുവിൽ നിന്നുള്ളതാണ് ഈ വീഡിയോ. കാന്താര കണ്ട് തിയറ്ററിൽ നിന്നും പുറത്തിറങ്ങിയ യുവാവ് ഉച്ചത്തിൽ നിലവിളിക്കുകയും കന്നഡയിൽ എന്തൊക്കെയോ പറയുകയും ചെയ്യുന്നത് വീഡിയോയിൽ കേൾക്കാം. നിലത്ത് വീണ് ഉരുണ്ടും തൊഴുതും ഒക്കെയാണ് ഇയാൾ അലറി വിളിക്കുന്നത്. ഇടയ്ക്ക് തിയറ്ററിന് ഉള്ളിലേക്ക് നോക്കി തൊഴുന്നുമുണ്ട് ഇയാൾ. കാന്താര ആവേശം തലയ്ക്ക് പിടിച്ച ഇയാൾ തിയറ്ററിൽ നിന്നും ഇറങ്ങുകയായിരുന്നുവെന്നാണ് ഏതാനും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒടുവിൽ യുവാവിനെ പറഞ്ഞ് മനസിലാക്കി മറ്റുള്ളവർ വീട്ടിലേക്ക് അയച്ചുവെന്നും റിപ്പോർട്ടുണ്ട്. പിന്നാലെ വലിയ വിമർശനവും വരുന്നുണ്ട്. സിനിമയെ സിനിമയായി കാണണെമെന്നും ഇതെല്ലാം പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമാണെന്നും വിമർശനമുണ്ട്.
അതേസമയം, കാന്താര ചാപ്റ്റർ 1ന് വലിയ ആവേശമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഫ്രെയിം മുതൽ അവസാനം വരെ പ്രത്യേകിച്ച് ക്ലൈമാക്സ് എല്ലാം വേറെ ലെവൽ എക്സ്പീരിയൻസ് എന്നാണ് പ്രേക്ഷകർ പറയുന്നത്. ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം 1000 കോടി രൂപ കളക്ട് ചെയ്യുമെന്നും പ്രവചനം ഉണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കാന്താര പ്രീക്വൽ കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടൻ ജയറാമും പടത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. 2022ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത കാന്താര ആദ്യ ഭാഗം ഏറെ ശ്രദ്ധനേടുകയും ബോക്സ് ഓഫീസ് വിജയം കൈവരിക്കുകയും ചെയ്തിരുന്നു. കേരളത്തിലടക്കം അന്ന് കാന്താര ഓളം സൃഷ്ടിച്ചിരുന്നു.



