ഫഹദ് ഫാസില്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്ന ചിത്രത്തിനെതിരേ കോടതിയില്‍ ഹര്‍ജി. തങ്ങളുടെ കുടുംബത്തെ സിനിമ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് എറണാകുളത്തെ 'പാപ്പാളി' കുടുംബമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സംവിധായകനും സഹനിര്‍മ്മാതാവുമായ അമല്‍ നീരദ്, നിര്‍മ്മാതാവ് നസ്രിയ നസീം, തിരക്കഥാകൃത്തുക്കളായ സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കെതിരെയാണ് പരാതി. എറണാകുളം മുന്‍സിഫ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

ഫഹദ് നായകനായ ചിത്രത്തിലെ പ്രതിനായക കഥാപാത്രങ്ങളുടെ കുടുംബപ്പേരാണ് പാപ്പാളി. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്ന മുന്നറിയിപ്പ് 'വരത്തനി'ല്‍ ഉണ്ടായിരുന്നില്ല എന്നതിനാല്‍ ബോധപൂര്‍വ്വം തങ്ങളുടെ കുടുംബപ്പേര് കളങ്കപ്പെടുത്തുകയായിരുന്നെന്ന് പരാതിയില്‍ ആരോപിക്കുന്നു. സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന അനേകം വ്യക്തിത്വങ്ങളുള്ള കുടുംബമാണ് തങ്ങളുടേതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കേസില്‍ കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.

സെപ്റ്റംബര്‍ 20ന് തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കളക്ഷനും നേടിയിരുന്നു. റിലീസിംഗ് സെന്ററുകളിലുള്‍പ്പെടെ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുമുണ്ട്.