മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദി ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന ത്രില്ലിലാണ് ആരാധകര്‍. ഇതിനായി കേരളത്തിലുടനീളം വലിയ ആഘോഷങ്ങളാണ് ആരാധകര്‍ ഒരുക്കിയിട്ടുള്ളത്.

ആഘോഷം ആരാധകര്‍ക്ക് മാത്രമല്ല. അച്ഛന്‍ മോഹന്‍ലാലും ആദിയെ വരവേല്‍ക്കാനുളള വലിയ ഒരുക്കത്തിലാണ്. ആദിക്കായി മുംബൈയില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ബാന്‍ഡ് അപ് ഗ്രൂപ്പാണ് പ്രത്യേക പ്രദര്‍ശനം ഒരുക്കിയത്. രാത്രി എട്ടുമണിക്ക് മുംബൈ സിനിപോളിസ് തിയേറ്ററിലാണ് മോഹന്‍ലാല്‍ ആദി കാണുക,

 അജോയ് വര്‍മ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹന്‍ലാലിപ്പോള്‍. അതുകൊണ്ട് തന്നെ ആദിക്ക് മുംബൈയില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. അജോയ് വര്‍മ ചിത്രത്തിന്‍റെ 125 അണിയറ പ്രവര്‍ത്തകരോടൊപ്പമാണ് മോഹന്‍ലാല്‍ ആദി കാണുക. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്.

 ഹിറ്റ് മേക്കര്‍ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുന്പാവൂരാണ് നിര്‍മിക്കുന്നത്. സിദ്ധിഖ്, ലെന, അനുശ്രീ, അദിഥി രവി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.