ഈ നൂറ്റാണ്ടില്‍ ബോളിവുഡിന് ഏറ്റവുമധികം കളക്ഷന്‍ നേടിക്കൊടുത്ത നായകനായിരിക്കുകയാണ് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന്‍. ഒപ്പം മല്‍സരിക്കുന്ന മറ്റ് താരങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ആമിറിന്‍റെ കുതിപ്പ്.

പതിനഞ്ച് വര്‍ഷങ്ങള്‍... ഒരു പിടി ചിത്രങ്ങള്‍... 2,000 കോടിയോളം രൂപയുടെ ബോക്‌സ് ഓഫിസ് കളക്ഷന്‍... ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ബോളിവുഡിന്‍റെ സ്വന്തം മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ സമാനതകളില്ലാത്ത ജൈത്രയാത്ര തുടരുന്നു. 1973 ല്‍ യാദോം കി ബാരാത് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ ആമിര്‍ കഴിഞ്ഞ 15 വര്‍ഷം കൊണ്ട് ബോളിവുഡിനു സമ്മാനിച്ചത് 2000 കോടിയിലേറെ രൂപയാണ്. സമകാലീനരായ മറ്റ് താരങ്ങള്‍ക്കൊന്നും സാധിക്കാത്ത നേട്ടം.

രാജാ ഹിന്ദുസ്ഥാനി, ഗജിനി, ത്രീ ഇഡിയറ്റ്സ്, ധൂം ത്രി, പികെ എന്നിങ്ങനെ ആമിറിന്‍റെ പേരിലുള്ള അഞ്ച് ഓള്‍ ടൈം ബ്ലോക് ബസ്റ്ററുകളില്‍ രാജാ ഹിന്ദുസ്ഥാനി ഒഴിച്ചുള്ള നാല് ചിത്രങ്ങളും 2000 നു ശേഷം വന്നവ. നായകന്‍, നായിക പ്രണയം, സ്റ്റണ്ട്, മസാല എന്നീ പതിവു ചേരുവകളില്‍ ബോളിവുഡ് തളച്ചിടപ്പെട്ടപ്പോള്‍ ആമിര്‍ ഖാന്‍റെ സിനിമയെന്നാല്‍ വാണിജ്യ വിജയത്തിനൊപ്പം കഥാ മൂല്യവും കൂടി ചേര്‍ന്നതായി.

നായികയില്ലാതെ സിനിമ സൂപ്പര്‍ ഹിറ്റാക്കാമെന്നും ആമിര്‍ ബോളിവുഡിനു കാണിച്ചു കൊടുത്തു. നടന്‍ എന്നതിനപ്പുറം സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ റോളുകളിലും തിളങ്ങുന്ന, കഥാപാത്രത്തിന്‍റെ പൂര്‍ണതയ്‌ക്കായി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത ആമിറിന്‍റെ വിജയത്തിനു കാരണവും മറ്റൊന്നല്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ആമിര്‍ സിനിമകള്‍ അതാത് വര്‍ഷമിറങ്ങിയ മറ്റ് സിനിമകളെയെല്ലാം അപ്രസക്തമാക്കി മുന്നേറുന്നത് പതിവ് കാഴ്ചയാണ്. ആമിര്‍ ഖാന്‍ ആമിര്‍ ഖാനോട് മല്‍സരിക്കുമ്പോള്‍ അടുത്ത മാസം റിലീസ് ചെയ്യുന്ന ദങ്കല്‍ പുതിയ ചരിത്രം രചിക്കുമോയെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.