എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തനുശ്രീ ദത്ത അവസാനമായി സ്ക്രീനിലെത്തിയത്

ആഷിഖ് ബനായ എന്നു കേട്ടാല്‍ തന്നെ ചലച്ചിത്ര പ്രേമികള്‍ക്ക് ഇമ്രാന്‍ ഹാഷ്മിയെയും തനുശ്രീ ദത്തയെയും ഓര്‍മ്മവരും. അത്രയേറെ ഹിറ്റായിരുന്നു ആഷിഖ് ബനായ ആപ്നെ എന്ന ചിത്രത്തിലെ ആ ഗാന രംഗം. തനുശ്രീയും ഇമ്രാനും തമ്മിലുള്ള ചൂടന്‍ രംഗങ്ങള്‍ തന്നെയായിരുന്നു പാട്ടിന്‍റെ ഹൈലൈറ്റ്.

ആദ്യ ചിത്രത്തിലെ ഒറ്റ പാട്ടിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ തനുശ്രീയ്ക്ക് പിന്നീട് കഷ്ടകാലമായിരുന്നു. ചെയ്ത വേഷങ്ങളും ചിത്രങ്ങളും പരാജയപ്പെട്ടപ്പോള്‍ കേവലം ആഷിഖ് ബനായയില്‍ താരം ഒതുങ്ങി കൂടി.

അഞ്ച് വര്‍ഷത്തിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തിന് 2010 ല്‍ അപ്പാര്‍ട്ട്മെന്‍റ് എന്ന ചിത്രത്തിലൂടെ വിരാമമിട്ട് തനുശ്രി വെള്ളിവെളിച്ചത്തില്‍ നിന്ന് മറഞ്ഞു. പിന്നീട് താരസുന്ദരി ഇതുവരെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. പൊതുവേദികളിലും തനുശ്രീയെ അധികമാരും കണ്ടിട്ടില്ല.

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം താരസുന്ദരി പൊതുവേദിയിലെത്തിയിരിക്കുകയാണ്. കണ്ടാല്‍ തിരിച്ചറിയാനാകാത്ത വിധമുള്ള മാറ്റങ്ങളുമായാണ് ആഷിഖ് ബനായ നായിക ഇന്ത്യയില്‍ മടങ്ങിയെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അമേരിക്കയിലായിരുന്നു അവര്‍.

കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനാണ് തനുശ്രീ ദത്ത ഇന്ത്യയില്‍ മടങ്ങിയെത്തിയത്. വെള്ളിത്തിരയിലേക്ക് മടങ്ങുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ താരം തയ്യാറായില്ല.