മോശം മെസേജുകളയക്കുമായിരുന്നുവെന്നും ശരീര ഭാഗങ്ങളെ കുറിച്ച് കമന്റു പറഞ്ഞു എന്നും നടി.
ആത്മസഖി, കനല്‍പൂവ് തുടങ്ങിയ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചിലങ്ക എസ് ദീപു. തകര്‍പ്പന്‍ കോമഡി അടക്കമുള്ള നിരവധി ഷോകളിലും ചിലങ്ക പങ്കെടുത്തിട്ടുണ്ട്. ഭർത്താവിനൊപ്പം ബിസിനസ് കാര്യങ്ങൾ നോക്കുന്ന ചിലങ്ക ഇപ്പോൾ സീരിയലിൽ സജീവമല്ല. ഇതിനിടെ, ഒരു സീരിയൽ സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായതിനെത്തുടർന്ന്, സംവിധായകനെ ചിലങ്ക തല്ലിയ സംഭവവും വലിയ വാർത്തയായിരുന്നു. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള താരത്തിന്റെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
പത്തു വർഷം കഴിഞ്ഞ അന്നു സംഭവിച്ച കാര്യങ്ങൾ പറയുന്നതിൽ അർത്ഥമില്ലെന്നും അപ്പോൾ തന്നെ പ്രതികരിച്ചയാളാണ് താനെന്നും ചിലങ്ക പറയുന്നു. ''കുറേ വർഷം കഴിഞ്ഞ് മുമ്പ് എനിക്ക് ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ടെന്ന് പറയുന്നതിനോട് എനിക്ക് താൽപര്യമില്ല. അമ്പത് പേരോളം വർക്ക് ചെയ്യുന്ന സീരിയലാണ്. ഞാൻ അന്ന് കേസുമായി മുന്നോട്ട് പോയിരുന്നുവെങ്കിൽ അവരുടെ എല്ലാം ജോലിയെ അത് ബാധിച്ചേനെ. പിന്നെ മോശം അനുഭവം ഉണ്ടായപ്പോൾ ഉടൻ തന്നെ ഞാൻ റിയാക്ട് ചെയ്‍തു. ഈ വിഷയത്തിൽ ലീഗലായി നീങ്ങിയാൽ എങ്ങനെയാണ് കാര്യങ്ങൾ പോവുക എന്നതിനെ കുറിച്ച് അറിയാമായിരുന്നു'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ചിലങ്ക പറഞ്ഞു.
''അയാൾക്കും ഒരു കുടുംബമുണ്ടല്ലോ എന്നോർത്താണ് പ്രശ്‍നം വിട്ടത്. പക്ഷേ എന്നെക്കുറിച്ച് അയാൾ പലരും പറഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ ഞാനെന്തിന് സത്യം പറയാതിരിക്കണമെന്ന് തോന്നി. അയാളിൽ നിന്നും പലതരത്തിലുള്ള സമീപനങ്ങളും ഉണ്ടായിട്ടുണ്ട്. മോശം മെസേജുകൾ അയക്കുമായിരുന്നു. അതൊക്കെ ഞാൻ റിജക്ട് ചെയ്തപ്പോൾ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. ഷേക്ക് ഹാന്റ് തരുമ്പോൾ അയാൾ കയ്യിൽ ചൊറിയും. പബ്ലിക്കായി കളിയാക്കും. എന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചും ബോഡി പാർട്സ് വെച്ചും കമന്റുകൾ പറയും.
ഇതേക്കുറിച്ച് സംസാരിക്കാൻ എന്റെ ഭർത്താവ് ഒരിക്കൽ സെറ്റിൽ വന്നിരുന്നു. എന്നിട്ടും കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് ചെയ്തത്. പക്ഷേ, ചാനൽ എനിക്കൊപ്പമാണ് നിന്നത്. അയാളെ അടിച്ചപ്പോളും സൗകര്യം ഇല്ലെങ്കിൽ ഇറങ്ങിപ്പോടീ എന്നു പറഞ്ഞ് ചീത്ത വിളിച്ചു. കേട്ടുകൊണ്ട് നിൽക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടാണ് അടിച്ചത്. വളരെ മോശമായ ചീത്തയാണ് വിളിച്ചത്. തിരിച്ച് എന്നേയും ഉപദ്രവിച്ചു. മുഖത്തും കയ്യിലുമെല്ലാം മുറിവുകളുണ്ടായിരുന്നു'', ചിലങ്ക കൂട്ടിച്ചേർത്തു.
