ചലചിത്രമേഖലയില്‍ ലൈംഗികാതിക്രമത്തിന് ലിംഗഭേദമില്ലെന്നാണ് സമീപകാലത്തെ വെളിപ്പെടുത്തലുകള്‍ വിശദമാക്കുന്നത്. ഒരു അഭിനേത്രി നേരിടേണ്ടി വരുന്നതിനേക്കാള്‍ രൂക്ഷമായ രീതിയില്‍ ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഹോളിവുഡ് താരം ഗില്ലീസ് മരീനി വെളിപ്പെടുത്തുന്നത്. സെക്സ് ആന്റ് സിറ്റി ടെലിവിഷന്‍ പരമ്പരയിലെ അഭിനേതാവാണ് ഗില്ലീസ് മരീനി. സെക്സ് ആന്‍ഡ് സിറ്റിയിലെ അഭിനയത്തിന് ശേഷം സമൂഹത്തിലെ പ്രമുഖരും പ്രബലരും ലൈംഗികമായ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഗില്ലീസ് മരീനിയുടെ വെളിപ്പെടുത്തല്‍.
അവര്‍ക്ക് ഞാന്‍ ഒരു മാംസക്കഷ്ണം മാത്രമായിരുന്നുവെന്ന് മരീനി തുറന്ന് പറഞ്ഞു. പുരുഷന്മാര്‍ തങ്ങള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ തുറന്ന് പറയാന്‍ മടിക്കുന്നത് ആ തുറന്ന് പറച്ചില്‍ തങ്ങളുടെ പൗരുഷത്തിന് നാണക്കേട് ഉണ്ടാക്കുമെന്ന തോന്നല്‍ കൊണ്ടാണെന്നും മരീനി വിശദമാക്കി. സിനിമാ മേഖലയില്‍ മാത്രമല്ല പുരുഷന്മാര്‍ക്കെതിരായ അക്രമമെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു. പുരുഷന്മാര്‍ ഇത്തരം അതിക്രമങ്ങള്‍ തുറന്ന് പറയാന്‍ മുന്നോട്ട് വരണമെന്നും മരീനി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന മീ ടു ക്യാംപയിനിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മരീനി.
