കോഴിക്കോടിന്‍റെ സാംസ്കാരിക ലോകത്തെ സജീവ സാന്നിധ്യമായിരുന്നു അബ്ദുല്ല. സ്കൂള്‍ കാലത്തുനിന്ന് ആരംഭിക്കുന്നതാണ് അദ്ദേഹത്തിന്‍റെ നാടക പ്രവര്‍ത്തനം. 

കോഴിക്കോട്: ചലച്ചിത്ര, നാടക നടന്‍ കെടിസി അബ്ദുല്ല (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുഡാനി ഫ്രം നൈജീരിയയാണ് അഭിനയിച്ചവയില്‍ അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമ. മുപ്പത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി കബര്‍സ്ഥാനില്‍ നടക്കും.

കോഴിക്കോടിന്‍റെ സാംസ്കാരിക ലോകത്തെ സജീവ സാന്നിധ്യമായിരുന്നു അബ്ദുല്ല. സ്കൂള്‍ കാലത്തുനിന്ന് ആരംഭിക്കുന്നതാണ് അദ്ദേഹത്തിന്‍റെ നാടക പ്രവര്‍ത്തനം. എട്ടാം ക്ലാസ്സോടെ പഠനം നിര്‍ത്തി കലാരംഗത്ത് സജീവമായി. റേഡിയോ നായകരംഗത്ത് എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു. ഇരുപത്തഞ്ചോളം നാടകങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

കേരള ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ (കെടിസി) ജോലി കിട്ടിയതിന് ശേഷമാണ് കെടിസി അബ്ദുല്ല എന്ന് കലാരംഗത്ത് വിളിപ്പേര് വീണത്. കെടിസി ഗ്രൂപ്പിന്‍റെ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമാനിര്‍മ്മാണം ആരംഭിച്ചതിനൊപ്പമാണ് സിനിമയില്‍ എത്തുന്നത്. എം ടി വാസുദേവന്‍ നായര്‍, സത്യന്‍ അന്തിക്കാട്, ഹരഹരന്‍, ടി ദാമോദരന്‍, ഐ വി ശശി, ഭരതന്‍ തുടങ്ങിയവരുടെയൊക്കെ സിനിമകളില്‍ അബ്ദുല്ല അഭിനയിച്ചിട്ടുണ്ട്.