കഷ്ടപ്പാടില്‍ വലയുന്ന കുടുംബത്തിന് സഹായമപേക്ഷിച്ച് നടന്‍ ഷാജു ശ്രീധര്‍. പുതുപ്പരിയാരം തെക്കേപ്പറമ്പില്‍ സന്തോഷിനാണ് സഹായം ആവശ്യം.‍ പ്രമേഹം മൂര്‍ച്ഛിച്ചതിനാല്‍ കാലു പഴുത്ത് നടക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് സന്തോഷ് . ഈ കഴിഞ്ഞ ദിവസം കനത്ത മഴയില്‍ സന്തോഷിന്‍റെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണിരുന്നു. വീട് തകര്‍ന്നത് കുടുംബത്തിന് മറ്റൊരു ദുരന്തം കൂടിയായി മാറി. മകള്‍ ഗോപികയും മകനും പിന്നെ സഹോദരിയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ പത്തില്‍ പഠിക്കു്ന്നു, മകനാകട്ടെ എട്ടിലും. ഭാര്യയില്ല. കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പോലും കഴിയാത്ത നിസ്സാഹായ അവസ്ഥയിലാണ് സന്തോഷ്. സഹോദരി ജോലിക്ക് പോയാല്‍ വീട്ടില്‍ കഞ്ഞിവെക്കാം.മകള്‍ സ്കൂളില്‍ നിന്ന് അച്ഛന് ചോറു നല്‍കാനായി വീട്ടിലേക്കെത്തണം. ജീവിതം അത്രമേല്‍ ദുരന്തമാണിവര്‍ക്ക്. വീട് തകര്‍ന്നതോട് കൂടി ഇനി എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നത് ഇവരുടെ മുന്നിലെ ചോദ്യമാണ്. തകര്‍ന്ന വീടിന്‍റെ ചായ്പ്പിലാണ് കുടംബം താമസിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന, വൃത്തിഹീനമായ ഈ ചായ്പ്പില്‍ നിന്ന് വേണം സന്തോഷിന് തന്‍റെ രോഗം ബാധിച്ച് കാലുകളുമായി ജീവതത്തോട് മല്ലിടേണ്ടത്. ഗോപിക പഠിക്കുന്ന സ്കൂളിലെ ടീച്ചറാണ് ഈ കുടുംബത്തെക്കുറിച്ച് ഷാജുവിനോട് പറയുന്നത്. വീടുകൂടി തകര്‍ന്നതോട് കൂടി സ്കൂളില്‍ നിന്ന് ലഭിച്ചിരുന്ന സഹായം മാത്രം പോര മുന്നോട്ടുള്ള ജീവിതത്തിന്. ഫെയ്സ്ബുക്ക് ലൈവിലൂടെ ഷാജു ഈ കുടുംബത്തിന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.