പ്രദീപ് രംഗനാഥൻ നായകനാകുന്ന 'ലവ് ഇൻഷൂറൻസ് കമ്പനി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.
ലവ് ടുഡേ, ഡ്രാഗൺ, ഡ്യൂഡ് എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സെൻസേഷനായി മാറിയ താരമാണ് പ്രദീപ് രംഗനാഥൻ. അഭിനയിച്ച മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ ഇടം നേടിയത് കൊണ്ട് തന്നെ പ്രദീപിന്റെ അടുത്ത ചിത്രത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വിഘ്‌നേശ് ശിവൻ സമവിധാനം ചെയ്യുന്ന 'ലവ് ഇൻഷൂറൻസ് കമ്പനി'യാണ് പ്രദീപിന്റേതായി പുറത്തറിയങ്ങാനിരിക്കുന്ന ചിത്രം. കഴിഞ്ഞ വർഷം റിലീസ് നിശ്ചയിച്ചിരുന്ന സിനിമ ഡ്യൂഡ് എന്ന ചിത്രത്തിന്റെ റിലീസ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രണയദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രമെത്തും. ഒരു ഫാന്റസി പ്രണയ ചിത്രമായി ഒരുങ്ങുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്ന് വന്‍ മുതല്‍ മുടക്കിലാണ് ഒരുക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. ചിത്രത്തിലെ നേരത്തെ 'ധീമാ ധീമാ' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. എസ്ജെ സൂര്യ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ പ്രദീപ് രംഗനാഥന്‍റെ പിതാവായി നടനും രാഷ്ട്രീയ നേതാവുമായ സീമാൻ എത്തുന്നു. ഗൗരി ജി കിഷൻ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.



