‘ഇത് വരെ ഇങ്ങനെ ഒരു എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല,’ കിങ്ഡം ചിത്രത്തിൽ വിജയ് ദേവരകൊണ്ടയ്ക്ക് വില്ലനായി മലയാളി താരം വെങ്കിടേഷ്
വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിണ്ണനൂരി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം കിങ്ഡം ജൂലൈ 31 നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ട്രെയ്‍ലർ റിലീസായപ്പോൾ തന്നെ സോഷ്യൽ മീഡിയകളിൽ വൈറലാണ് മലയാളി താരം വെങ്കിടേഷ്. ചിത്രത്തിൽ വില്ലൻ റോളിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി നടൻ വെങ്കിടേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനൊപ്പം ചേരുന്നു
കിങ്ഡം എന്ന സിനിമയിലേക്ക്
കൃത്യമായി എങ്ങനെ വന്നു എന്ന് പറയാനറിയില്ല. അസോസിയേറ്റ് ഡയറക്ടറായ രവി എന്നയാൾ എന്റെ ഫോട്ടോ എവിടന്നോ തപ്പിപിടിച്ച് ഗൗതം സാറിനെ കാണിക്കുകയായിരുന്നു. ചിത്രത്തിലേക്ക് ഓഡിഷനൊന്നും ഇല്ലാതെയാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇത്രയും വലിയ ഒരു പ്രൊജക്റ്റിൽ ഭാഗമാകാൻ സാധിച്ചത് തന്നെ വലിയ കാര്യമാണ്. മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് അതും പ്രധാനപ്പെട്ട ഒരു റോളിൽ എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.
തീയ്യറ്റർ റെസ്പോൺസിനെ കുറിച്ച്...
കിടിലം റെസ്പോൺസ് ആണ് കിട്ടിയത്. എന്റെ ജീവിതത്തിൽ ഇത് വരെ ഇങ്ങനെ ഒരു എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല. ഒട്ടും പ്രതീക്ഷിച്ചത് ആയിരുന്നില്ല. ഞാൻ എല്ലാ പ്രേക്ഷകരോടും വളരെ ഗ്രേറ്റ്ഫുൾ ആണ്. ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ വളരെ വലിയ ഒരു പിന്തുണയാണ് ലഭിച്ചത്. ഒരു ജൂനിയർ ആർട്ടിസ്റ്റായി ഫിലിം ഫീൽഡിൽ എത്തിയ എനിക്ക് ഇത്രയും വലിയ അംഗീകാരം കിട്ടുന്നതും എന്റെ ഫോട്ടോസും വീഡിയോസും ആളുകൾ ഷെയർ ചെയ്യുന്നതും ഒക്കെ ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഞാൻ ജയിക്കണം എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. എന്റെ ഒരു സിനിമ തിയറ്ററിൽ വരുന്നതും ആളുകൾ എന്റെ സീനുകൾക്ക് കൈയ്യടിക്കുന്നതുമൊക്കെ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുള്ള ഒരു കാര്യമാണ്. അത് എനിക്ക് ഈ സിനിമയിലൂടെ കിട്ടി എന്നുള്ളതിൽ സന്തോഷമുണ്ട്

ചിത്രത്തിലെ നെഗറ്റീവ് ഷേഡിനെപ്പറ്റി
ഗൗതം സാറിന്റെ ഒരു ചിത്രത്തിലെ വില്ലൻ എന്നു പറഞ്ഞാൽ അത് ഒരു സംഭവം തന്നെയാണ്. പുതുമയുള്ള അനുഭവമായിരുന്നു. എന്റെ ആദ്യത്തെ നെഗറ്റീവ് കഥാപാത്രമല്ല ഇത് . ഞാൻ തുടങ്ങിയതേ വില്ലനിസം കൊണ്ടാണ്. സ്റ്റാൻഡ് അപ് എന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രമായിരുന്നു, പ്രീസ്റ്റിൽ ചെറിയൊരു ടോക്സിക്ക് സ്വഭാവമായിരുന്നു. തമിഴ് ചിത്രം റെബലിലും വില്ലൻ ആയിരുന്നു. വേദ എന്ന ചിത്രത്തിൽ മാത്രമാണ് ഇത്തിരി നന്മ പരിപാടി ആയി നിന്നത്. കിങ്ഡത്തിൽ ശക്തമായ ഡെപ്ത്ത് ഉള്ള വില്ലൻ ആണ് ഞാൻ.
തെലുങ്ക് ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ
ക്യാരക്ടറിന് വേണ്ടി കാര്യമായ തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നില്ല. തെലുങ്ക് ഡയലോഗുകൾ കാണാതെ പഠിക്കുമായിരുന്നു. ആദ്യമൊക്കെ പ്രയാസമായിരുന്നു. ഡയറക്ടർ പറയുന്നത് പോലെ കേട്ടു എന്നത് മാത്രമായിരുന്നു. തെലുങ്കിൽ മുൻപ് ഒരു സിനിമ ചെയ്തിരുന്നു. അത് റിലീസ് ആയിട്ടില്ല. തെലുങ്ക് പഠിച്ചിട്ടില്ല. പക്ഷെ ഒരു ബേസ് അറിയാം. ഗ്രാമർ വലിയ പിടുത്തമില്ല. ഓരോ വാക്കിന്റെ മോഡുലേഷനും ഉച്ചാരണവും എങ്ങനെയെന്ന് അവൻ പറഞ്ഞു തരുമായിരുന്നു. അത് ഞാൻ എന്റേതായ രീതിയിൽ സംസാരിക്കും. മുഴുവൻ ടീമും വളരെ സപ്പോർട്ടീവ് ആയിരുന്നു. ഒരു കാര്യത്തിനും എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല. വളരെ കംഫർട്ടബിൾ ആയിരുന്നു. Whole Team തങ്കം.
വിജയ് ദേവരകൊണ്ടയുമായുള്ള സ്ക്രീൻ സ്പേസ്
അദ്ദേഹത്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ സാധിച്ചതിൽ വളരെ ലക്കി ആണ്. കിടിലം മനുഷ്യനാണ്, കിടിലം നടനാണ്. ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ സീനുകൾ ഉണ്ട്. എന്റെ പൊർഫോമെൻസിൽ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹം എന്നെ ട്രീറ്റ് ചെയ്ത രീതി പറഞ്ഞറിയിക്കാൻ പോലും കഴിയുന്നില്ല. ഇനിയും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാൽ ഞാൻ പോകും. അത്രയും നന്നായാണ് എന്നെ അവർ ചേർത്ത് നിർത്തിയത്.
അനിരുദ്ധ് എന്ന മാജിക്ക്
ഞാൻ പണ്ട് മുതലേ അനിരുദ്ധ് ഫാൻ ആണ്. എന്റെ തലൈവർ രജനികാന്തിനൊക്കെ ബിജിഎം ചെയ്യുന്ന ആളുടെ ട്രാക്കിൽ എന്റെ മുഖം വരുന്നത് സ്വപ്നം യാഥാര്‍ഥ്യമാകുന്ന ഒരു നിമിഷം തന്നെയാണ്. അദ്ദേഹത്തെ വേദിയിൽ വച്ച് മാത്രമേ കണ്ടിട്ടുള്ളു. അന്ന് സംസാരിക്കുകയും എന്നെ പ്രശംസിക്കുകയും ചെയ്തിരുന്നു. അനിരുദ്ധിന്റെ ട്രാക്കിൽ എന്റെ കിടിലം ഇന്‍ട്രോ ഉണ്ട് ചിത്രത്തില്‍.
അമ്മയാണ് എല്ലാം
അമ്മക്ക് സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. തിരുവനന്തപുരത്തുള്ള ഏരീസ് പ്ളക്സ് തീയ്യറ്ററിൽ പോയാണ് സിനിമ കണ്ടത്. തെലുങ്ക് അറിയില്ല. തമിഴ് പതിപ്പാണ് കണ്ടത്. അവിടെ നല്ല രീതിയിൽ ആളുകൾ സിനിമ കാണാനെത്തിയിരുന്നു. നല്ല കയ്യടിയുണ്ടായിരുന്നു. മികച്ച അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. അമ്മ ട്രെയിലർ കാണുന്ന ഒരു വീഡിയോ വൈറലായിരുന്നു. വളരെ സന്തോഷം . ഞാൻ അമ്മക്ക് കൊടുക്കാനാഗ്രഹിച്ചതും ഇത് തന്നെയാണ്. ഫ്രണ്ട്സിന്റെ ഭാഗത്ത് നിന്നും വലിയ സപ്പോർട്ട് തന്നെ ആയിരുന്നു. തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നു എന്നതിനപ്പുറം ഇത്രയും വലിയ ഒരു റോളാണെന്നൊന്നും ആർക്കും അറിയില്ലായിരുന്നു.
സോഷ്യൽ മീഡിയയിലെ താരം
ഇന്ന് എനിക്ക് കിട്ടുന്ന സപ്പോർട്ട്, സ്നേഹം, അംഗീകാരം എല്ലാം ഞാൻ ആഗ്രഹിച്ചതാണ്. ഒരു നാൾ എല്ലാം നടക്കുമെന്ന് പ്രതീക്ഷിച്ചാണ് ഓരോ വർക്കും ചെയ്യുന്നത്. എന്നാൽ ഇത് എന്നിലേക്ക് എത്തിപ്പെട്ടതാണ്. ഞാൻ സർപ്രൈസ്ഡ് ആണ്. സോഷ്യൽ മീഡിയയിലെ സപ്പോർട്ട് ശ്രദ്ധിക്കാറുണ്ട്. വീഡിയോസും സ്റ്റോറികളും കാണാറുണ്ട്. എല്ലാവരോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു.
ബിസിനസും സിനിമയും
ഞങ്ങൾ അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് തിരുവനന്തപുരത്ത് സുട് സുടെ ഇഡലി എന്ന ചെറിയ സംരഭം തുടങ്ങിയത്. അതും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. വർക്കുകൾ ഇല്ലാത്ത സമയം ഞാൻ അവിടെ തന്നെ ഉണ്ടാകും. എല്ലാ കാര്യങ്ങളും ഞങ്ങൾ തന്നെയാണ്. ഇപ്പോൾ സുഹൃത്തുക്കൾ അത് ഭംഗിയായി നടത്തുന്നുണ്ട്.
വരാനിരിക്കുന്ന പ്രോജക്റ്റുകൾ
മറ്റു സിനിമകളൊന്നും ഇത് വരെ കമ്മിറ്റ് ചെയ്തിട്ടില്ല. നല്ല നല്ല കഥകൾ കേൾക്കുന്നുണ്ട്. നല്ല ഒരു പരിപാടി ലോക്ക് ചെയ്യണമെന്നാണ് ആഗ്രഹം. എല്ലാം കൊണ്ടും ഒത്തു വരുന്ന കഥാപാത്രങ്ങൾ ചെയ്യാൻ അവസരം കിട്ടിയാൽ തീർച്ചയായും കമ്മിറ്റ് ചെയ്യും

