കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ
നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്കെത്തിയത്. 'സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്' ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചു.
വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ എത്തിയിരുന്നത്. ബിഗ്‌ബോസ് സീസൺ 2ലെ മത്സരാർത്ഥിയായിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു.ബിഗ് ബോസ് സീസൺ 6ലെ വൈൽഡ് കാർഡ് എൻട്രിയായാണ് സിബിൻ മത്സരത്തിൽ പങ്കെടുത്തത്.
അതേസമയം സിബിൻ, വിവാഹം കഴിച്ചോട്ടെ എന്ന് തന്നോട് ചോദിച്ചപ്പോൾ ആദ്യം ഖുഷിയോട് ചോദിക്കാനാണ് ആര്യ അന്ന് പറഞ്ഞത്. ''സിബിൻ എനിക്കെന്റെ വീടാണ്. എന്റെ കംഫർട് സോൺ. അതാണ് സിബിനിലേക്ക് എന്നെ അടുപ്പിച്ച കാര്യം. വിവാഹം കഴിച്ചോട്ടെ, നിന്റെ കൂടെ ഞാൻ കംഫർട്ടബിളാണ് എന്ന് ഒരു ദിവസം സിബിൻ എന്നോട് മുഖത്ത് നോക്കി ചോദിക്കുകയാണ് ചെയ്തത്. അത് നന്നായിരിക്കും, പക്ഷേ ആദ്യം ഖുഷിയോട് (ആര്യയുടെ മകൾ) ചോദിക്കണം എന്ന് ഞാൻ ഉടനെ പറയുകയും ചെയ്തു. സിബിൻ തന്നെയാണ് അവളോട് സംസാരിച്ചത്.
എന്താണ് അവർ തമ്മിൽ സംസാരിച്ചതെന്ന് ഇന്നും എനിക്കറിയില്ല. അത് അച്ഛനും മകളും തമ്മിലുള്ള കാര്യമാണ്, സമയമാകുമ്പോൾ അറിഞ്ഞാൽ മതി എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. പക്ഷേ, ഒരു കാര്യം അറിയാം, ഞങ്ങൾ വിവാഹം കഴിക്കുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നയാൾ അവളാണ്'' വിവാഹ നിശ്ചയം കഴിഞ്ഞയുടനെ നൽകിയ ഒരഭിമുഖത്തിൽ ആര്യ പറഞ്ഞ വാക്കുകളാണിത്. എന്തായാലും പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങീ നിരവധി താരങ്ങളും സുഹൃത്തുക്കളുമാണ് പുതിയ ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.


