എനിക്ക് നീന്താൻ പോലും അറിയില്ലെന്നത് ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു. പുരുഷ ട്രെയ്‌നർമാരുടെ മുന്നിൽ അത്രയും അർദ്ധവസ്ത്രമണിഞ്ഞ് നീന്തൽ പഠിക്കേണ്ടി വരുമെന്നൊരു ധാരണ പോലും എനിക്ക് അസഹ്യമായിരുന്നു

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മോഹിനി. മലയാളത്തിലും തമിഴിലുമടക്കം മികച്ച സിനിമകളുടെ ഭാഗമായ താരം കൂടിയാണ് മോഹിനി. ഇപ്പോഴിതാ തനിക്ക് താല്പര്യമില്ലാതെ സിനിമയിൽ ഗ്ലാമറസ് വേഷം ചെയ്യേണ്ടി വന്നതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ആർ.കെ സെൽവമണി സംവിധാനം ചെയ്ത 'കണ്മണി' എന്ന ചിത്രത്തിൽ താൻ നേരിട്ട ദുരനുഭവമാണ് മോഹിനി തമിഴ് മാധ്യമത്തിനോട് വെളിപ്പെടുത്തിയത്. സ്വിമ്മിങ്ങ് സ്യൂട്ടിലുള്ള അത്തരമൊരു രംഗം ചെയ്യാൻ താൻ ഒരു തരത്തിലും തയ്യാറായിരുന്നില്ലെന്നും പകുതി ദിവസത്തോളം ഇതിന് വേണ്ടി ചെലവഴിച്ചെന്നും മോഹിനി വെളിപ്പെടുത്തി.

"സംവിധായകൻ ആർ.കെ സെൽവമണിയാണ് ആ സ്വിമ്മിംഗ് സ്യൂട്ട് രംഗം പ്ലാൻ ചെയ്തത്. ആ രംഗം ചെയ്യേണ്ടിവരുമ്പോൾ എനിക്ക് അതീവ അസൗകര്യമായി തോന്നിയിരുന്നു. അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ലെന്ന് ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു, അതിന്റെ ഫലമായി ഷൂട്ടിംഗ് പാതി ദിവസം മുടങ്ങുകയും ചെയ്‌തു. എനിക്ക് നീന്താൻ പോലും അറിയില്ലെന്നത് ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു. പുരുഷ ട്രെയ്‌നർമാരുടെ മുന്നിൽ അത്രയും അർദ്ധവസ്ത്രമണിഞ്ഞ് നീന്തൽ പഠിക്കേണ്ടി വരുമെന്നൊരു ധാരണ പോലും എനിക്ക് അസഹ്യമായിരുന്നു.

അന്നേരം വനിതാ പരിശീലകരൊന്നും തന്നെ ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ അത്തരമൊരു രംഗം ചെയ്യുന്നത് ചിന്തിക്കാൻ പോലും എനിക്കായിരുന്നില്ല. ഉടൽ തഴുവ എന്ന ഗാനരംഗത്തിന്റെ വേണ്ടിയായിരുന്നു ഇത്. പകുതി ദിവസത്തോളം ചെലവഴിച്ച് അവർ ആവശ്യപ്പെട്ടത് ഞാൻ നൽകി. പിന്നീട് ഊട്ടിയിൽ വെച്ച് അതിന് വീണ്ടും ഷൂട്ടിംഗ് വേണമെന്നും അവർ പറഞ്ഞു. ഞാൻ അതിനും വിസമ്മതിച്ചു. അപ്പോൾ ഷൂട്ടിംഗ് തുടരാനാവില്ലെന്നാണ് അവർ പറഞ്ഞത്. അതിന് ഞാൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു ‘അത് നിങ്ങളുടെ പ്രശ്നമാണ്, എനിക്ക് യാതൊരു ബന്ധവുമില്ല. അതേ രീതിയിലാണ് നിങ്ങൾ മുന്‍പ് എന്നെ നിർബന്ധിച്ച് ആ രംഗം ചെയ്യിപ്പിച്ചത് എന്ന പറഞ്ഞു.” മോഹിനി പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News