തനിക്ക് ഇരുപത് വയസിൽ ലഭിച്ച സ്വാതന്ത്ര്യം ഇപ്പോൾ ഇരുപത് വയസുള്ള പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല എന്ന് പറഞ്ഞ സുഹാസിനി, പെൺകുട്ടികൾ അഭിപ്രായം പറഞ്ഞാൽ അവരെ ട്രോൾ ചെയ്തു കൊല്ലുമെന്നും കൂട്ടിചേർത്തു.
തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സുഹാസിനി. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാറ്റോഗ്രഫി പഠിച്ചിറങ്ങിയ സുഹാസിനി ടെക്‌നീഷ്യൻ ആയി പ്രവർത്തിച്ചാണ് സിനിമയിലെത്തുന്നത്. പിന്നീട് 1980 ൽ നെഞ്ചത്തൈ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെ നടിയായി അരങ്ങേറ്റം കുറിക്കുകയുണ്ടായി. മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ ആ വർഷത്തെ പുരസ്കാരം സ്വന്തമാക്കാനും ഈ ചിത്രത്തിലൂടെ സുഹാസിനിക്ക് സാധിച്ചു. ഇപ്പോഴിതാ തനിക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി. തനിക്ക് ഇരുപത് വയസിൽ ലഭിച്ച സ്വാതന്ത്ര്യം ഇപ്പോൾ ഇരുപത് വയസുള്ള പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല എന്ന് പറഞ്ഞ സുഹാസിനി, പെൺകുട്ടികൾ അഭിപ്രായം പറഞ്ഞാൽ അവരെ ട്രോൾ ചെയ്തു കൊല്ലുമെന്നും കൂട്ടിചേർത്തു. സഭ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുഹാസിനിയുടെ തുറന്നുപറച്ചിൽ.
ഞങ്ങൾക്ക് അഭിപ്രായം പറയാൻ ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നു
"ഇരുപത് വയസ്സിൽ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇപ്പോഴത്തെ ഇരുപത് വയസുള്ള പെൺകുട്ടികൾക്കില്ല. അഭിപ്രായം പറയാൻ അവർക്ക് സ്വാതന്ത്ര്യമില്ല. അവരെന്തേലും അഭിപ്രായം പറഞ്ഞാൽ അവരെ ട്രോൾ ചെയ്ത് കൊല്ലും. ഞങ്ങൾക്കങ്ങനെ ആയിരുന്നില്ല. രേവതി, നദിയ തുടങ്ങീ ഞങ്ങൾക്ക് അഭിപ്രായം പറയാൻ ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നു. ഇപ്പോഴതില്ല എന്ത് പറഞ്ഞാലും തെറ്റ് കണ്ടെത്താനാണ് ശ്രമിക്കുന്നത്. കാലം എന്താണ് ചെയ്തത്, കാലം ഒരു ഇല്യൂഷൻ ആണ്." സുഹാസിനി പറഞ്ഞു.
അതേസമയം പൂക്കാലം എന്ന ചിത്രത്തിലായിരുന്നു മലയാളത്തിൽ സുഹാസിനി അവസാനമായി വേഷമിട്ടത്. തമിഴിൽ 'ദി വെർഡിക്ട്' എന്ന കോർട്ട് റൂം ഡ്രാമ ചിത്രമായിരുന്നു സുഹാസിനിയുടെ അവസാന ചിത്രം. വരലക്ഷ്മി ശരത്കുമാർ ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.


