നടി അതിഥി മേനോനെ വിവാഹം ചെയ്തുവെന്ന വാദവുമായി നടന്‍ അഭി ശരവണന്‍. എന്നാല്‍ ഇത് നിഷേധിക്കുകയും തനിക്ക് നേരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് അതിഥി അഭിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി മലയാളിയായ നടി അതിഥിക്കെതിരേ തെളിവുകളുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍. 

താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയില്‍ വച്ച് കഴിഞ്ഞുവെന്നാണ് അഭി പറയുന്നത്. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി. അതേസമയം, അഭി ശരവണനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരവണനെ വീട്ടില്‍ നിന്ന് കാണാതെ പോയിരുന്നു. മകന്‍റെ തിരോധാനത്തിന് പിന്നില്‍ അതിഥിയാണെന്ന് അഭിയുടെ മാതാപിതാക്കള്‍ ആരോപിച്ചു, തുടര്‍ന്നാണ് അതിഥി പോലീസില്‍ പരാതി നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് അഭി ശരവണനെതിരെ അതിഥി പൊലീസിൽ പരാതി നൽകിയത്. താരത്തിന്റെ പരാതിയിൽ അഭി ശരവണനെതിരെ പൊലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു.

2016 ല്‍ പുറത്തിറങ്ങിയ പട്ടതാരി എന്ന ചിത്രത്തിലൂടെയാണ്  അതിഥിയും അഭിയും പ്രണയത്തിലാകുന്നത്. ഇരുവരും ചേർന്നാണ് ചിത്രത്തില‌െ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ മാസങ്ങള്‍ക്കകം ഇരുവരും വേര്‍പിരിഞ്ഞു. അഭിയുമായി പിരിഞ്ഞതിനുശേഷം അതിഥി കേരളത്തിലേക്ക് മടങ്ങി. അതിനുശേഷമാണ് അഭിയെ കാണാതായത്. മകന്റെ തിരോധാനത്തില്‍ അതിഥിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്ന് ആരോപിച്ച് അഭി ശരവണന്റെ മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ അഭിയെ അതിഥി തട്ടിക്കൊണ്ടുപോയി ചെന്നൈയിലെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ കാണാതായെന്ന് പരാതി നൽകിയതിന്റെ തൊട്ടടുത്ത ദിവസം അഭി വീട്ടിൽ തിരികെയെത്തി. സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താനെന്നാണ് അഭിയുടെ വിശദീകരണം. ഇതോടെ അഭി ശരവണന്‍ തന്നെ അപകീര്‍ത്തിപെടുത്താൻ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ശല്യം ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി അതിഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.  

അതേസമയം അഭി ശരവണൻ തനിക്കെതിരെ നിരവധി ആരോപണങ്ങൾ‌ ഉന്നയിച്ചതായി അതിഥി പറഞ്ഞു. അദ്ദേഹത്തെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.  പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതയായും അതിഥി പറഞ്ഞു.