മുംബൈ: സെൻസർ ബോർഡ് അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നൽകേണ്ട ബോർഡ് പരിധിവിട്ട് പ്രവത്തിക്കുകയാണെന്നും അടൂർ കുറ്റപ്പെടുത്തി. സിനിമ ജീവിതത്തിൽ 50 വർഷം പിന്നിടുന്നവേളയിൽ പുതിയ ചിത്രത്തിന്റെ വിഷേങ്ങൾ പങ്കുവയ്ക്കാനായി മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍ സെന്‍സര്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചത്.

വെറുമൊരു പ്രണയ കഥയല്ല എന്ന ടൈട്ടിലോടെയാണ് പിന്നെയും എന്ന അടൂർചിത്രം തിയേറ്ററുകളിലെത്തുന്നത്. എട്ടുവർഷത്തിന് ശേഷം അടൂർ ചെയ്യുന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സിനിമാ ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിടുമ്പോൾ പിറക്കുന്ന ചിത്രം. പന്ത്രണ്ടുസിനിമകളാണ് ഈ കാലയളവിൽ അടൂർ ചെയ്തത്.

മുംബൈയിൽ ഗേറ്റ്വേ ലിറ്റ് ഫെസ്റ്റ് സംഘടിപ്പിച്ച ചടങ്ങിൽ അടൂരിനൊപ്പം ചിത്രത്തിലെ നായിക കാവ്യാമാധവനും പങ്കെടുത്തു. അഞ്ചു വർഷത്തിനു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പിന്നെയും. മനപൂർവ്വമായിരുന്നില്ല അഞ്ചുവർഷത്തെ ഗ്യാപ്പെന്ന് കാവ്യ പറഞ്ഞു.