ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനുജത്തിയായി വന്ന് മലയാളികളുടെ മനംകവര്‍ന്ന താരമാണ് ഐമ സെബാസ്റ്റ്യന്‍. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായും ഐമ ഇഷ്ടം പിടിച്ചുപറ്റി. ഐമ സെബാസ്റ്റ്യന്‍ വിവാഹിതയാകുകയാണ്.
മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ബ്‌സ്റ്റേര്‍സിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് ഐമയുടെ വരനായി എത്തുന്നത്. സിനിമാ മേഖലയില്‍ നിന്നാണ് വരനെങ്കിലും പ്രണയവിവാഹമല്ല. ഇരുവരുടേതും വീട്ടുകാര്‍ തമ്മില്‍ ഉറപ്പിച്ച വിവാഹമാണ്. ഡിസംബറില്‍ വിവാഹനിശ്ചയം നടക്കും. അടുത്തവര്‍ഷം ജനുവരിയിലാണ് വിവാഹം.
2013ല്‍ നിര്‍മിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തില്‍ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലാണ് താമസം.
