രജനീകാന്തിന്റെ മകള്‍ ഐശ്വര്യാ ധനുഷിന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനപ്പെരുമഴ. ഐശ്വര്യ യുഎന്‍ ആസ്ഥാനത്ത് അവതരിപ്പിച്ച ഭരതനാട്യത്തിന്റെ പേരിലാണ് രൂക്ഷമായ പ്രതികരണങ്ങള്‍.

പരിതാപകരം, ഭയാനകം, ലജ്ജാകരം.. ഐശ്വര്യയുടെ നൃത്തത്തിനെതിരെ വിമര്‍ശകര്‍ ഇനി ഒന്നും പറയാന്‍ ബാക്കിയില്ല. ഐക്യരാഷ്‌ട്രസഭ പോലെ പ്രധാനപ്പെട്ട ഒരു വേദിയില്‍ , ഈ രീതിയില്‍ നൃത്തം ചെയ്ത് എന്തിനാണ് അപമാനമുണ്ടാക്കിയതെന്ന് ചോദ്യം.

ഇക്കഴിഞ്ഞ വനിതാദിനത്തില്‍ ആണ് യുഎന്‍ ആസ്ഥാനത്ത് ഐശ്വര്യയുടെ ഭരതനാട്യം അരങ്ങേറിയത്. എംഎസ് സുബ്ബലക്ഷ്മി ആലപിച്ച ശിവസ്തുതിക്ക് ആയിരുന്നു ഐശ്വര്യ ചുവടുകള്‍ വച്ചത്.
നൃത്തത്തിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ പ്രമുഖ കലാകാരന്‍മാരടക്കം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പാട്ടും നൃത്തവും രണ്ട് വഴിക്ക്. ചുവടുകളിലും മുദ്രകളിലും എല്ലാം ഗുരുതരമായ പിഴവുകള്‍. ഭരതനാട്യത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയാതെ നൃത്തം ചെയ്ത് ആ കലാരൂപത്തെ അപമാനിച്ചെന്ന് അനിതാ രത്നത്തെ പോലുള്ള പ്രമുഖ നര്‍ത്തകരുടെ പ്രതികരണം. ഐശ്വര്യയുടെ ഗുരുവിനെ നിരോധിക്കണമെന്ന് മറ്റ് ചിലര്‍. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ ആക്ഷേപശരങ്ങള്‍. ഐശ്വര്യയുടെ നൃത്തവും ധനുഷിന്റെ സിനിമാരംഗങ്ങളും കോര്‍ത്തിണക്കിയുള്ള പുതിയ തമാശ വീഡിയോകള്‍ വരെ പുറത്തിറങ്ങിക്കഴിഞ്ഞു.

സിനിമാകുടുംബത്തില്‍ നിന്നുള്ള അംഗമെന്ന പരിഗണന കൊണ്ട് മാത്രമാണ് ഐശ്വര്യക്ക് ഈ അവസരം കിട്ടിയതെന്നും, സംഘാടകര്‍ ഇനിയെങ്കിലും ജാഗ്രത പുലര്‍ത്തണമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഐക്യരാഷ്‌ട്രസംഘടനയുടെ സ്‌ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ വനിതാപ്രതിനിധികളില്‍ ഒരാളാണ് ഐശ്വര്യ.