ബിഗ് ബോസ് സീസൺ 7 വിജയിയായ അനുമോൾക്ക് അഖിൽ മാരാർ ആശംസകൾ നേർന്നു. അനുമോളുടെ വിജയത്തിന് കാരണക്കാരായെന്ന് പരിഹസിച്ച്, ഇൻഫ്ലുവൻസർ തൊപ്പിക്കും ചില മുൻ മത്സരാർത്ഥികൾക്കും അഖില്‍ നന്ദി പറഞ്ഞു.

ബി​ഗ് ബോസ് സീസൺ 7 അവസാനിച്ചിരിക്കുകയാണ്. അനുമോൾ ആണ് സീസൺ വിജയിയാത്. ബി​ഗ് ബോസ് നടന്നു കൊണ്ടിരിക്കെ അനീഷിന് വേണ്ടി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തൊപ്പി വോട്ട് തേടിയതും അഖിൽ മാരാരുമായി കൊമ്പുകോർത്തതും വൈറലായിരുന്നു. ഇപ്പോഴിതാ അനുമോൾ വിജയിച്ചതിന് ആശംസ അറിയിച്ച അഖിൽ മാരാർ, തൊപ്പിക്കും റീ എൻട്രിയായി എത്തിയ ചില മത്സരാർത്ഥികൾക്കും നന്ദിയെന്ന് പരിഹാസത്തോടെ പറയുകയാണ്.

അഖിൽ മാരാരുടെ വാക്കുകൾ ചുവടെ

ബി​ഗ് ബോസ് സീസൺ 7ന്റെ വിജയിയായി മാറിയ അനുമോൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുകയാണ്. അനുമോൾ ജയിക്കാൻ വേണ്ടി അഘോരാത്രം പണിയെടുത്ത തൊപ്പിക്കും റീ എൻട്രിയിലൂടെ എത്തി അനുമോൾക്ക് വേണ്ട സഹായവും പരമാവധി പിന്തുണയും നൽകി പരമാവധി വോട്ടും നേടി കൊടുത്ത മുൻ മത്സരാർത്ഥികളിൽ ചിലർക്കും ഒരായിരം നന്ദി അറിയിക്കുകയാണ്. കാരണം അറിഞ്ഞോ അറിയാതെയോ നിങ്ങളെല്ലാവരും കൂടി ചേർന്ന് എന്നെ അനുമോളുടെ പിആർ ആക്കി മാറ്റിയിരുന്നു. സ്വാഭാവികമായും എന്റെ കൂടി ആവശ്യവും അഭിമാനവുമായി മാറി അനുമോളുടെ വിജയം. അതിന് വേണ്ടി പിന്നിൽ പ്രവർത്തിച്ച തൊപ്പിക്കും മുൻ മത്സരാർത്ഥികൾക്കും ഒരായിരം നന്ദിയും സ്നേഹവും അറിയിക്കുന്നു.

കഴിഞ്ഞ കുറേക്കാലമായി നിറയെ വെല്ലുവിളികൾ ഞാൻ കേൾക്കേണ്ടി വന്നിട്ടുണ്ട്. അതിൽ ആദ്യത്തെ വെല്ലുവിളി നീയൊരു ഷോർട് ഫിലിം പോലും എടുക്കില്ലെന്ന് പറഞ്ഞ് പരഹസിച്ചതാണ്. അവർക്ക് മുന്നിൽ ഒരു സിനിമ എഴുതി സംവിധാനം ചെയ്ത് കാണിച്ച് കൊടുത്തു. പിന്നീട് റോബിനുമായി ബന്ധപ്പെട്ടൊരു പരാമർശം നടത്തിയപ്പോൾ എന്നെ ബി​ഗ് ബോസിന്റെ ഏഴയലത്ത് കയറ്റില്ലെന്നായിരുന്നു രണ്ടാമത്തെ വെല്ലുവിളി. ആദ്യ ആഴ്ചയിൽ തന്നെ പുറത്താക്കുമെന്ന് പറഞ്ഞവരുടെ മുന്നിലൂടെ പോയി ആ സീസണിലെ കപ്പുമായി ഇറങ്ങി. അതിന് ശേഷം ഞാൻ കേൾക്കേണ്ടി വന്ന വെല്ലുവിളി എന്റെ പ്രിയപ്പെട്ട തൊപ്പിയുടെ ഭാ​ഗത്തുനിന്നുമാണ്. അത് ഇൻ ഡയറക്ട് ആയിട്ട് അഖിൽ മാരാരാണോ അതോ ഞാൻ വോട്ട് ചോദിച്ച ആളാണോ വിജയിക്കുന്നതെന്ന് പറഞ്ഞ് വെല്ലുവിളിച്ച തൊപ്പിക്ക് മുന്നിൽ സ്നേഹപൂർവ്വം ഈ വിജയം ഞാൻ സമർപിക്കുന്നു. യഥാർത്ഥ വിജയം ജനങ്ങളുടേതാണ്. ജനങ്ങളുടെ വിജയം ഷോയുടേതാണ്. ജനാധിപത്യപരമായി വോട്ട് ലഭിച്ച് വിജയിച്ച അനുമോൾക്കും രണ്ടാം സ്ഥാനം നേടിയ അനീഷിനും ഷാനവാസിനും നെവിനും അക്ബറിനും എന്റെ ആശംസകൾ. ഒരിക്കൽ കൂടി തൊപ്പിക്കും പഴയ മത്സരരാർത്ഥികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.