ചെന്നൈ: അമലാപോള്‍-എ എല്‍ വിജയ് ദാമ്പത്യ തകര്‍ച്ചയിലാണെന്ന സംഭവത്തില്‍ എഎല്‍ വിജയ് ആദ്യമായി തുറന്ന് പ്രതികരിച്ചു. അമലാപോള്‍ വിശ്വാസ വഞ്ചന കാട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വിജയ് പറയുന്നത്. 

വിവാഹമെന്ന സാമൂഹിക ഉടമ്പടിയെ താന്‍ ഏറെ വിലമതിക്കുന്ന ആളാണെന്നും ഒരു വിവാഹത്തിന്റെ ഉറപ്പ് സത്യസന്ധതയും വിശ്വാസ്യതയുമാണ് അതില്ലാതാകുന്ന നിമിഷം ആ ബന്ധം തകരുമെന്നും വിജയ് മാധ്യമങ്ങള്‍ക്കായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

അമലയുമായുള്ള ജീവിതം ഈ രീതിയില്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇത്തരമൊരു തീരുമാനത്തില്‍ എത്തേണ്ടി വന്നത് വേദനിപ്പിക്കുന്നു. ഇനിയെനിക്ക് ബന്ധങ്ങളില്ല. ജീവിതം അന്താസ്സായി തന്നെ മുമ്പോട്ട് കൊണ്ടുപോകുമെന്നും വിജയ് പറയുന്നു. ഇത് തീര്‍ത്തും ദു:ഖകരമായ ഒരു കാര്യമാണ്. ഒമ്പതു ചിത്രം ചെയ്തയാള്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള കടപ്പാടിനെക്കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ട്. 

തന്‍റെ സിനിമയിലെ പെണ്‍കഥാപാത്രങ്ങളെ ആത്മാഭിമാനവും കുലീനത്വവും ഉള്ളവരായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. സ്ത്രീകളോടുള്ള തന്റെ നിലപാട് തന്നെയാണ് അത്. സ്വാതന്ത്ര്യത്തോടെ തന്നെയാണ് സ്ത്രീകള്‍ ജീവിക്കേണ്ടത് എന്ന നിലപാടിയെ എന്നും പിന്തുണച്ചിരുന്നു. അതുകൊണ്ടാണ് അമല സിനിമയില്‍ തുടരണം എന്ന നിലപാടിനെ കഴിയുന്ന വിധത്തിലെല്ലാം പിന്തുണച്ചത്. 

കല്യാണശേഷം സിനിമയില്‍ തുര്‍ന്നതാണ് വിവാഹബന്ധം തകരാറിലാക്കിയതെന്നും തന്‍റെ വീട്ടുകാര്‍ക്ക് അതിഷ്ടമല്ലായിരുന്നെന്നും അമല നടത്തുന്ന വാദങ്ങള്‍ അവാസ്തവമാണ്. ദാമ്പത്യതകര്‍ച്ചയിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് തനിക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. ഇക്കാര്യം സംസാരിക്കാന്‍ സുഹൃത്തുക്കളും ആരാധകരും മാധ്യമ സുഹൃത്തുക്കളും നിര്‍ബ്ബന്ധിക്കുകയായിരുന്നു. 

സ്വകാര്യജീവിതം പൊതുമദ്ധ്യത്തില്‍ വിളമ്പേണ്ട എന്ന് കരുതിയാണ് നിശബ്ദനായത്. എന്നാല്‍ ഏതൊരച്ഛനെയും പോലെ ആകുലത നിറഞ്ഞ തന്റെ പിതാവ് ഏതാനും കാര്യങ്ങള്‍ ഒരു ചാനലിനോട് പറഞ്ഞു. പക്ഷേ വാര്‍ത്തകളെല്ലാം പിന്നീട് അതിനെ ചൊല്ലിയായി. പ്രശ്‌നത്തിന്റെ ശരിയായ കാര്യം അറിയാതെയാണ് പല മാധ്യമങ്ങളും വാര്‍ത്ത പുറത്തു വിടുന്നത്. ഇത് പ്രൊഫഷണല്‍ ജീവിതത്തില്‍ മാത്രമല്ല സ്വകാര്യ ജീവിതത്തിലും തന്റെ നിലപാടുകളെ മോശമാക്കി മാറ്റുകയാണ്. 

വേര്‍പിരിയലിനേക്കാള്‍ വേദനയാണ് അത്തരം കാര്യങ്ങള്‍ ഉണ്ടാക്കുന്നത്. സ്വകാര്യ ജീവിതത്തിനു വിലകല്‍പ്പിക്കുന്നവരും അത് മാനിക്കുന്നവരുമാണെങ്കില്‍ അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും വിജയ് പറയുന്നു.