'ആഭാസം' സിനിമയുടെ സെറ്റില്‍ വച്ച് അലന്‍സിയറില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് നടി ദിവ്യ ഗോപിനാഥ് ആണ് ആദ്യം ആരോപണമുയര്‍ത്തിയത്. പിന്നാലെ ദിവ്യ മാത്രമല്ല, അലന്‍സിയറിനെതിരേ വേറെയും പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ജുബിത്ത് നമ്രാഡത്ത് വെളിപ്പെടുത്തലുമായി എത്തി. 

അടിയന്തിര അവെയ്‍ലബിള്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേരാനിരിക്കെ താരസംഘടനയായ 'അമ്മ'യ്ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യാനുള്ളത് ഒന്നിലേറെ വിഷയങ്ങള്‍. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ 13ന് നടത്തിയ വാര്‍ത്താസമ്മേളനമാണ് അടിയന്തിര എക്സിക്യൂട്ടീവ് വിളിക്കാന്‍ കാരണമായത്. ദിലീപിനെതിരായ അച്ചടക്കനടപടി വൈകുന്നതുള്‍പ്പെടെ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളോടുള്ള വിമുഖതയും മലയാളസിനിമ കാലാകാലങ്ങളായി വച്ചുപുലര്‍ത്തുന്ന സ്ത്രീവിവേചനവുമൊക്കെ ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ അംഗങ്ങള്‍ ആരോപിച്ചിരുന്നു. 

ഡബ്ല്യുസിസി വാര്‍ത്താസമ്മേളനം 'അമ്മ' അംഗങ്ങളില്‍ സൃഷ്ടിച്ച ചേരിതിരിവ് വെളിപ്പെടുത്തുന്നതായിരുന്നു പിന്നാലെ ഒരേദിവസം ജഗദീഷും സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ അഭിപ്രായപ്രകടനങ്ങള്‍. ആക്ഷേപമുയര്‍ത്തിയ വനിതാ അംഗങ്ങളുമായി രമ്യതയിലെത്തണമെന്ന അഭിപ്രായത്തോടുകൂടിയായിരുന്നു ജഗദീഷിന്റെ കുറിപ്പ്. എന്നാല്‍ നേര്‍ വിപരീതമായ അഭിപ്രായമായിരുന്നു സിദ്ദിഖും കെപിഎസി ലളിതയും ചേര്‍ന്നുനടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ഉയര്‍ത്തിയത്. ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്ക്കില്ലെന്നും വനിതാ അംഗങ്ങളെ തിരിച്ചെടുക്കണമെങ്കില്‍ മാപ്പ് പറയണമെന്നുമാണ് ഇരുവരും പറഞ്ഞത്. പിന്നാലെ ആരാണ് 'അമ്മ'യുടെ യഥാര്‍ഥ വക്താവ് എന്നതിനെച്ചൊല്ലിയും ഇരുവരും തമ്മില്‍ തര്‍ക്കം നടന്നു. ജഗദീഷ് 'അമ്മ'യുടെ ഖജാന്‍ജി മാത്രമാണെന്നും വക്താവല്ലെന്നും അദ്ദേഹത്തിന്റെ വാര്‍ത്താക്കുറിപ്പ് കണ്ടിട്ടില്ലെന്നുമായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. എന്നാല്‍ മോഹന്‍ലാലിനോട് ചോദിച്ചിട്ടാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത് എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. അവെയ്‍ലബിള്‍ എക്സിക്യൂട്ടീവ് വരെ 'അമ്മ'യെ പ്രതിനിധീകരിച്ച് ആരും പരസ്യപ്രസ്താവന നടത്തരുതെന്ന് മോഹന്‍ലാലിന്‍റെ നിര്‍ദേശമുണ്ടായിരുന്നു. ഡബ്ല്യുസിസി ഉയര്‍ത്തിയ വിഷയങ്ങളോട് സ്വീകരിക്കേണ്ട നിലപാടിനൊപ്പം 'അമ്മ' അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും സിദ്ദിഖിന്‍റെ വാര്‍ത്താസമ്മേളനവുമൊക്കെ നാളത്തെ യോഗത്തില്‍ ചര്‍ച്ചയാവും. എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് ശേഷം സിദ്ദിഖിന്റെ പ്രതികരണം വ്യക്തിപരമായിരുന്നുവെന്നും സംഘടനാ നിലപാടല്ലെന്നും വിശദീകരിച്ച് അമ്മയുടെ വാര്‍ത്താക്കുറിപ്പ് ഉണ്ടായേക്കും.

ഈ രണ്ട് വിഷയങ്ങള്‍ക്ക് പുറമെ അലന്‍സിയറിനെതിരായ മി ടൂ ആരോപണങ്ങളാണ് എക്സിക്യൂട്ടീവ് യോഗം ചേരുമ്പോള്‍ താരസംഘടനയ്ക്ക് മുന്നിലുള്ളത്. 'ആഭാസം' സിനിമയുടെ സെറ്റില്‍ വച്ച് അലന്‍സിയറില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് നടി ദിവ്യ ഗോപിനാഥ് ആണ് ആദ്യം ആരോപണമുയര്‍ത്തിയത്. പിന്നാലെ ദിവ്യ മാത്രമല്ല, അലന്‍സിയറിനെതിരേ വേറെയും പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ജുബിത്ത് നമ്രാഡത്ത് വെളിപ്പെടുത്തലുമായി എത്തി. അബി വര്‍ഗീസ് സംവിധാനം ചെയ്ത 2016 ചിത്രം മണ്‍സൂണ്‍ മാംഗോസിന്‍റെ സെറ്റിലും അലന്‍സിയര്‍ മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണമാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ചിത്രത്തിന്‍റെ യുഎസ് ഷെഡ്യൂളിനിടെ കറുത്ത വര്‍ഗ്ഗക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ആരോപിക്കപ്പെട്ടതൊക്കെയും ഗൗരവമുള്ളതായതിനാല്‍ ആരോപണമേറ്റ ഒരു പ്രമുഖ നടനോട് 'അമ്മ' നിലപാട് സ്വീകരിച്ചുവെന്ന് പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികം. എന്നാല്‍ വിശദീകരണം ചോദിക്കുന്നതിനപ്പുറം അലന്‍സിയറിനെതിരേ സംഘടന എന്തെങ്കിലും നടപടി സ്വീകരിക്കുന്നപക്ഷം അതും ചോദ്യംചെയ്യപ്പെട്ടേക്കും. കാരണം നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ, ജയില്‍വാസം അനുഭവിച്ച ദിലീപിനോട് ഇപ്പോഴും സംഘടന കാട്ടുന്ന മൃദു നിലപാട് തന്നെ.

എല്ലാ അംഗങ്ങളും പങ്കെടുക്കാത്ത അവെയ്‍ലബിള്‍ എക്സിക്യൂട്ടീവ് ആയതിനാല്‍ അജണ്ട എന്തൊക്കെയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഒരു എക്സിക്യൂട്ടീവ് അംഗം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അതേസമയം അലന്‍സിയര്‍ വിഷയത്തില്‍ നാളെ വിശദമായ ചര്‍ച്ച ഉണ്ടാവില്ലെന്നും അറിയുന്നു. ഈ വിഷയത്തില്‍ അടുത്ത മാസം 29ന് കൂടുതല്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന ചര്‍ച്ച നടക്കും. ഡബ്ല്യുസിസി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം 'അമ്മ'യില്‍ ഒരു വനിതാ സെല്‍ ഉടന്‍ ഉണ്ടാവുമെന്നും അറിയുന്നു.