സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത് യോഗത്തിൽ ചർച്ചയാകും

കൊച്ചി: താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. മോഹൻലാലിന്റെ അധ്യക്ഷതയിൽ രാവിലെ 11 മണിക്കാണ് യോഗം. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഡബ്ല്യുസിസിയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു.