രാജിവെച്ച നടിമാർക്ക് പിന്തുണയുമായി സിപിഎം മന്ത്രിമാരടക്കമുളളവ‍ർ രംഗത്തെത്തിയതാണ് താരങ്ങളെ സമ്മർദ്ദത്തിലാക്കുന്നത്
തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാലുനടിമാർ രാജിവെച്ചതോടെ താരസംഘടനയായ അമ്മ കടുത്ത പ്രതിസന്ധിയിൽ. രാജിവെച്ച നടിമാർക്ക് പിന്തുണയുമായി സിപിഎം മന്ത്രിമാരടക്കമുളളവർ രംഗത്തെത്തിയതാണ് താരങ്ങളെ സമ്മർദ്ദത്തിലാക്കുന്നത്.
ദിലീപിനെ തിരിച്ചെടുത്തത് തങ്ങളുടെ കുടുംബകാര്യമെന്നായിരുന്നു മാധ്യമങ്ങളോട് ചില അമ്മ ഭാരവാഹികളുടെ നിലപാട്. ഇടതുമുന്നണിയിൽപ്പെട്ട രണ്ട് എം എൽ എമാർ സംഘടനയുടെ സുപ്രധാന പദവികളിലുണ്ടെങ്കിലും സിപിഎമ്മിലെ പ്രമുഖ നേതാക്കളടക്കമുളളവർ കടുത്ത വിനർശനം അഴിച്ചുവിട്ടതോടെ അമ്മ പ്രതിരോധത്തിലായി.
ദിലീപ് വിഷയത്തിൽ അമ്മ നിശബ്ദത തുടരുന്നതിനിടെയാണ് രണ്ട് എം എൽ എമാർ ഉൾപ്പെട്ട സംഘടനാ നേതൃത്വത്തിനെതിരെ മന്ത്രിയും പാർട്ടിയും രംഗത്തെത്തിയത്. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം തിരുത്തണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ ആവശ്യപ്പെട്ടു. അമ്മ ഭാരവാഹികളായ എം എൽ എമാരെപ്പറ്റി ഇടതുമുന്നണി നിലപാട് വ്യക്തമാക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
