ഗായിക അമൃത സുരേഷ് ഡബ്ബിംഗ് രംഗത്ത് അരങ്ങേറ്റം കുറിച്ചു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന 'ദ ബാ***ഡ്സ് ഓഫ് ബോളിവുഡ്' എന്ന വെബ് സീരീസിലാണ് അമൃതയുടെ ആദ്യ ഡബ്ബിംഗ്.

ഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിം​ഗറിൽ മത്സരാർത്ഥിയായി എത്തി പിന്നീട് ഒട്ടനവധി ​ഗാനങ്ങൾ സമ്മാനിച്ച ​ഗായികയാണ് അമൃത സുരേഷ്. നിലവിൽ സഹോദരി അഭിരാമിയ്ക്കൊപ്പം ബാന്‍ഡ് ട്രൂപ്പുമൊക്കെയായി മുന്നോട്ട് പോകുന്ന അമൃത സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അമൃത പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തിൽ തന്റെ ജീവിതത്തിൽ പുത്തനൊരു ചുവടുവയ്പ്പ് പങ്കുവച്ചുള്ള അമൃതയുടെ പോസ്റ്റും വൈറലായിരിക്കുകയാണ്.

ആദ്യമായി ഡബ്ബിം​ഗ് ചെയ്ത വിവരമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. അതും ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത ദ ബാ***ഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരിസിൽ. സീരീസിന്റെ മലയാളം പതിപ്പിൽ നായികയ്ക്കാണ് അമൃത ശബ്ദം നൽകിയിരിക്കുന്നത്. "ഹീറോയിനാണ് ഞാൻ ശബ്ദം നൽകിയിരിക്കുന്നത്. നിങ്ങളെല്ലാവരും സീരീസ് കാണണം. എന്റെ ഡബ്ബിം​ഗ് എങ്ങനെ ഉണ്ടെന്ന് പറയണം. ജീവിതത്തിൽ ഇതുവരെ ഞാൻ ചെയ്യാത്ത കാര്യമാണ്. അതും ഇത്രയും വലിയൊരു പ്രൊജക്ടിന്റെ ഭാ​ഗം. ഈ പരിപാടി ഞാൻ മുന്നോട്ട് കൊണ്ടു പോകണമോ എന്ന് കമന്റ് ചെയ്യണേ", എന്നും അമൃത സന്തോഷത്തോടെ പറയുന്നുണ്ട്.

നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ 2025-ലെ പ്രധാന സീരിസുകളില്‍ ഒന്നാണ് ദ ബാ***ഡ്സ് ഓഫ് ബോളിവുഡ്. ബോളിവുഡിന്‍റെ തിളക്കമുള്ള എന്നാല്‍ ചതികുഴികള്‍ ഉള്ള ലോകത്ത് പുറത്ത് നിന്നുള്ള ഒരാളുടെ സാഹസികയും എന്നാല്‍ വികാരതീവ്രവുമായ ഒരു സാഹസിക യാത്രയാണ് സീരിസ് എന്നാണ് റിപ്പോർട്ടുകൾ. ബോബി ഡിയോൾ, രാഘവ് ജുയൽ, മനോജ് പഹ്‌വ, മോന സിംഗ്, രജത് ബേദി, ഗൗതമി കപൂർ, മനീഷ് ചൗധരി, ലക്ഷ്യ, സഹേർ ബംബ എന്നിവരാണ് സീരീസിലെ പ്രധാന അഭിനേതാക്കൾ. രൺബീർ കപൂർ, കരൺ ജോഹർ, സൽമാൻ ഖാൻ, ആമിർ ഖാൻ, രൺവീർ സിംഗ്, ഷാരൂഖ് ഖാൻ, തുടങ്ങിയവരുടെ അതിഥി വേഷങ്ങളും ഇതിലുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്