അഞ്ജലി മേനോന്‍ എഴുതിയ തിരക്കഥയില്‍ യാതൊരു പുതുമയുമില്ലാത്തതിനാലാണ് ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചതെന്ന സംവിധായകന്‍ പ്രതാപ് പോത്തന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രതാപ് പോത്തന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അഞ്ജലി മേനോന്‍ രംഗത്തെത്തിയിരിക്കുന്നു. ഇതില്‍ പ്രതികരിക്കാനില്ലെന്നും ഇത് വലിയൊരു ചര്‍ച്ചയാക്കി മാറ്റാന്‍ അഗ്രഹിക്കുന്നില്ലെന്നും അഞ്ജലി മേനോന്‍ വ്യക്തമാക്കി. ഇത്തരം ദുരാരോപണങ്ങളോട് പ്രതികരിച്ച് അതിനെ മഹത്വവത്കരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

പ്രതാപ് പോത്തന്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന സിനിമയ്‍ക്ക് അഞ്ജലി മേനോന്‍ തിരക്കഥ ഒരുക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയായിരുന്നു വരവേറ്റത്. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലിമേനോന്‍ തിരക്കഥയൊരുക്കുന്ന ചിത്രം ഹിറ്റാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതീക്ഷയും പങ്കുവച്ചു. ദുല്‍ഖറിനെ നായകനായി തീരുമാനിച്ചപ്പോള്‍ പ്രതീക്ഷയും ഏറി. എന്നാല്‍ ചിത്രം ഉപേക്ഷിക്കുകയാണന്നും കാരണം തിരക്കഥയില്‍ കാമ്പില്ലാത്തതിനാലാണെന്നും പ്രതാപ് പോത്തന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പണത്തിന് വേണ്ടി സിനിമ ചെയ്യാനില്ലെന്നും താന്‍ ഉദ്ദേശിച്ചിരുന്ന രീതിയിലല്ല കഥയും ക്ലൈമാക്‌സുമെന്നും അത് തിരുത്താതെ മുന്നോട്ട് പോകാനാകില്ലെന്നുമാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്.