വനിതാ കൂട്ടായ്മ ആ ഒരു ഇളക്കത്തിന് ഉണ്ടാക്കിയതാണ് കൂട്ടായ്മ ഉന്നയിക്കുന്ന പ്രശ്നങ്ങളൊന്നും തനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല
കൊച്ചി: മലയാള സിനിമയിലെ വനിത കൂട്ടായ്മക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ചലചിത്രതാരം അനുശ്രീ. വനിത കൂട്ടായ്മ ഉന്നയിക്കുന്ന പ്രശ്നങ്ങളൊന്നും തനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. എന്നെങ്കിലും തനിയ്ക്ക് അത്തരം പ്രശ്നങ്ങള്‍ നേരിട്ടാല്‍ വനിതാ കൂട്ടായ്മയെ സഹായത്തിനായി സമീപിക്കാന്‍ മടിക്കില്ലെന്നും അനുശ്രീ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുശ്രീ.
വനിതാക്കൂട്ടായ്മ അവര്‍ തുടങ്ങിയപ്പോള്‍ മുന്നോട്ട് വച്ച ആശയത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതായി തോന്നിയിട്ടില്ല. അവര്‍ ദിലീപേട്ടനെതിരെ ഒരു പാട് ആരോപണങ്ങള്‍ പറഞ്ഞു. ഉറപ്പില്ലാത്തതും ഒരു തെളിവില്ലാത്തതുമായ കാര്യത്തിന് ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപേട്ടന്‍ നിരപരാധിയെന്ന് തെളിയുമ്പോള്‍ പിന്‍വലിക്കാന്‍ പറ്റുമോ? കൂട്ടായ്മകള്‍ ഉണ്ടാവട്ടെ വിഷയങ്ങള്‍ ചര്‍ച്ചയാവട്ടെ പക്ഷേ അതെല്ലാം പൊതു വേദികളില്‍ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല.
ഉറപ്പുള്ളതും പിന്നീട് മാറ്റിപ്പറയില്ലെന്ന് വിശ്വാസമുള്ളതുമായ കാര്യങ്ങളാണ് പൊതുവേദികളില്‍ പറയണ്ടത്. സിനിമയിലെ പ്രശ്നങ്ങള്‍ സിനിമയ്ക്ക് അകത്ത് തന്നെ തീരണം അല്ലാതെ പൊതുവേദികളിലേക്ക് അത് കൊണ്ടു വരരുതെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ സ്ത്രീകള്‍ക്ക് ഉയര്‍ച്ച ഉണ്ടാവണം.
ദിലീപിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അവരുടെ ആരോപണം ദിലീപേട്ടനെ ഉദ്ദേശിച്ച് തന്നെയായിരുന്നു. വനിതാ കൂട്ടായ്മ ആ ഒരു ഇളക്കത്തിന് ഉണ്ടാക്കിയതാണ്. കൂട്ടായ്മ പരാജയമായി എന്ന് പറയില്ല പക്ഷേ അവര്‍ പറഞ്ഞ കാര്യങ്ങളില്‍ അവര്‍ ഉറച്ച് നില്‍ക്കുന്നില്ലെന്നും അനുശ്രീ വിമര്‍ശിച്ചു. ഇപ്പോള്‍ കൂട്ടായ്മ എന്താണ് ചെയ്യുന്നത്. അന്വേഷണത്തിന് പിന്നാലെ പോകുന്നുണ്ടോ? എല്ലാം കെട്ടടങ്ങീലേ?
അവിടെ പോയിരുന്ന് സിനിമയിലെ ഈ കാര്യങ്ങള്‍ മാറണം അത് ചര്‍ച്ച ചെയ്യണമെന്ന് തോന്നീട്ടില്ല. അങ്ങനെ തോന്നുന്ന സമയത്ത് അവരെ സമീപിക്കാമെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ മെമ്പര്‍ഷിപ്പ് ഇതുവരെ എടുത്തിട്ടില്ല, ഇനിയാണ് അതിന് വേണ്ടി ശ്രമിക്കുന്നതെന്നും അനുശ്രീ പറഞ്ഞു.
