ആഴക്കടലില്‍ ഊളിയിട്ട് പോകാന്‍ ശേഷിയുള്ള സര്‍ഫറുടെ വേഷം മികവുറ്റതാക്കാന്‍ ബാലിയില്‍ ഒരു മാസത്തിലധികം കാലം പരിശീലനം നടത്തിയിരുന്നു പ്രണവ്.

ബോക്സ്ഓഫീസില്‍ വിജയം കണ്ട ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ കമ്മിറ്റ് ചെയ്യുന്ന പ്രോജക്ട് ഏതെന്ന ആരാധകരുടെയും സിനിമാലോകത്തിന്‍റെയും കാത്തിരിപ്പിനൊടുവിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് അനൗണ്‍സ് ചെയ്യപ്പെട്ടത്. ഒരുകാലത്ത് മോഹന്‍ലാലിന്‍റെ താരപരിവേഷം ഉയര്‍ത്തിയ കെ.മധു ചിത്രം ഇരുപതാം നൂറ്റാണ്ടുമായി പേരിലുള്ള സാമ്യം കൗതുകമായെങ്കില്‍ 'ഒരു അധോലോക കഥയല്ലെ'ന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ടാഗ്‍ലൈനായി ഉണ്ടായിരുന്നു. ദിലീപ് നായകനായ ആദ്യചിത്രം രാമലീല വിജയിപ്പിച്ച സംവിധായകനാണ് അരുണ്‍ഗോപി എന്നതിനാല്‍ അത്തരത്തിലും ഇന്‍റസ്ട്രിക്കും പ്രേക്ഷകര്‍ക്കും പ്രതീക്ഷയുള്ള പ്രോജക്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ പ്രണവിന്‍റെ ആരാധകരോട് ഒരു അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് അരുണ്‍ ഗോപി. 

സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നതാണ് സംവിധായകനെ അസ്വസ്ഥപ്പെടുത്തുന്നത്. സിനിമയോടും പ്രണവിനോടുമുള്ള സ്നേഹം കൊണ്ടാവും പലരും സ്റ്റില്ലുകള്‍ ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്യുന്നതെങ്കിലും അത് തങ്ങള്‍ക്ക് ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് പറയുന്നു അരുണ്‍ ഗോപി.

"പ്രിയമുള്ളവരേ നിങ്ങൾ നമ്മുടെ സിനിമയോടും പ്രണവിനോടും കാണിക്കുന്ന ഈ സ്‌നേഹത്തിനു സ്നേഹത്തോടെ തന്നെ നന്ദി പറയുന്നു പക്ഷെ അതിന്റെ പേരിൽ ഞങ്ങളുടെ ലൊക്കേഷൻ സ്റ്റിൽസ് ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയർ ചെയ്തു പ്രചരിപ്പിക്കരുത് എന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു, അതുമൂലം ഞങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ദയവു ചെയ്തു മനസിലാക്കുക, സിനിമയ്ക്ക് പിന്നിലെ ചിന്തകൾ നിങ്ങൾ മാനിച്ചു ഞങ്ങൾക്കൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു."

മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാമലീലയുടെ നിര്‍മ്മാണവും മുളകുപാടം ഫിലിംസ് ആയിരുന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. പ്രണവിന്‍റെ പാര്‍ക്കൗര്‍ അഭ്യാസപ്രകടനങ്ങളായിരുന്നു ആദിയുടെ ഹൈലൈറ്റ് എങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ളയാളാണ് നായക കഥാപാത്രം. ആഴക്കടലില്‍ ഊളിയിട്ട് പോകാന്‍ ശേഷിയുള്ള സര്‍ഫറുടെ വേഷം മികവുറ്റതാക്കാന്‍ ബാലിയില്‍ ഒരു മാസത്തിലധികം കാലം പരിശീലനം നടത്തിയിരുന്നു പ്രണവ്.