ചിത്രീകരണം ലണ്ടനില്‍ പുരോഗമിക്കുന്നു

മോഹന്‍ലാലും സൂര്യയും ആദ്യമായൊന്നിക്കുന്ന കെ.വി.ആനന്ദ് ചിത്രത്തില്‍ കോളിവുഡില്‍ നിന്ന് മറ്റൊരു നായകന്‍ കൂടി എത്തുന്നു. ആര്യയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനെത്തുന്നത്. കെ.വി.ആനന്ദ് തന്നെയാണ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. ആര്യയുടെ കഥാപാത്രം എന്താണെന്ന് ഔദ്യോഗിക വിവരമൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പ്രധാന വില്ലന്‍ കഥാപാത്രമായിരിക്കുമെന്ന് സൂചനകളുണ്ട്.

Scroll to load tweet…

ലണ്ടനില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ നിര്‍മ്മാണം ലൈക പ്രൊഡക്ഷന്‍സാണ്. ഉയര്‍ന്ന ബജറ്റിലാണ് നിര്‍മ്മാണം. ലണ്ടന്‍ ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെയും സൂര്യയുടെയും ചിത്രം ബുധനാഴ്ച ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്‍റെ ക്യാമറ.

Scroll to load tweet…

സൂര്യയുടെ 37ാം ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയാണെന്നാണ് വിവരം. സൂര്യയുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം പത്ത് രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്. ന്യൂയോര്‍ക്ക്, ബ്രസീല്‍, ഇംഗ്ലണ്ട്, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളൊക്കെ ലൊക്കേഷനുകളാണ്. സയ്യേഷയാണ് നായിക. മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ബൊമാന്‍ ഇറാനിയും സമുദ്രക്കനിയും ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.