അത്ഭുതപ്പെടുത്തിയ അധ്യാപിക; ആശാ ശരത് പറയുന്നു
ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച സ്‍ത്രീ സ്വന്തം അമ്മയാണെന്ന് നടിയും നര്‍ത്തകിയുമായ ആശാ ശരത്. എനിക്ക് വലിയ ഭാഗ്യം കിട്ടിയിട്ടുണ്ട്. അമ്മ തന്നെയായിരുന്നു എന്റെ ഗുരുവും. സ്വാധീനിച്ച സ്‍ത്രീകള്‍ എന്നുപറഞ്ഞാല്‍ അല്ലെങ്കില്‍ പ്രചോദനമായത് എന്ന് ചോദിച്ചാല്‍ വേറെ ആളുമുണ്ടെന്ന് ആശാ ശരത് പറഞ്ഞു.
എന്റെ മകള്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മില്യേനിയം എന്ന സ്‍കൂളിലാണ് പഠിച്ചിരുന്നത്. ദുബായില്‍. അവിടെ ഞാൻ ചെല്ലുമ്പോള്‍ ഒരു മാമിനെ കാണുമായിരുന്നു. കോട്ടണ്‍ സാരിയൊക്കെ ഉടുത്ത്, പൊട്ടൊക്കെ തൊട്ട് വളരെ എലഗന്റായ സ്‍ത്രീ. ഞാൻ മോളെ സ്‍കൂളില്‍ ചെന്നാക്കുമ്പോള്‍ മാം മുന്നിലുണ്ടാകും. പ്രിൻസിപ്പളാണ്. ഗുഡ് മോണിംഗ് ഉത്തര എന്നു പറഞ്ഞ് എന്റെ മകളെ വിളിക്കും. അങ്ങനെ അവിടെ പഠിക്കുന്ന ഓരോ കുട്ടിയെയും പേര് എടുത്താണ് വിളിക്കുക. അത് എനിക്ക് ഒരു അത്ഭുതമായിരുന്നു. അവര്‍ എനിക്ക് ഒരു പ്രചോദനവുമായിരുന്നു. പലപ്പോഴും മാം എന്നോട് പറയുമായിരുന്നു. നിങ്ങള്‍ ഒരു ഡാൻസര്‍ ആണ്, അധ്യാപികയാണ്, എന്തുകൊണ്ട് ഒരു സ്‍കൂള്‍ തുടങ്ങിക്കൂടാ? അപ്പോള്‍ സ്‍കൂള്‍ എന്ന സ്വപ്‍നമൊക്കെ എനിക്ക് വളരെ വിദൂരമായിരുന്നു. ഒരുപാട് മൂലധനം വേണം. കുറെ പ്രയത്നിക്കണം. ഞാൻ കുറച്ച് ഒതുങ്ങിനില്‍ക്കുന്ന ആളാണ്. അപ്പോള്‍ മാമിന്റെ ധൈര്യത്തിലാണ് കൈരളി കലാകേന്ദ്രമെന്ന സ്‍കൂള്‍ 60 കുട്ടികളെ വച്ച് തുടങ്ങിയത്. മാമിനെ മുന്നില്‍കണ്ടുകൊണ്ടാണ്. മാമിനെ പോലെ ആകണം എന്ന ഒരു ആഗ്രഹം എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ മാം ദുബായ് വിട്ടുപോയി. യുഎസ്സിലാണ്. അന്ന് 60 കുട്ടികളുണ്ടായിരുന്ന കലാകേന്ദ്രത്തില്‍ ഇന്ന് 3500 വിദ്യാര്‍ഥികളുണ്ട്. ഇന്നും ഞാൻ ഓരോ വാര്‍ഷികത്തിനും വിളക്ക് കത്തിക്കുമ്പോള്‍ അമ്മയ്‍ക്കൊപ്പം ലക്ഷ്‍മി മാമിനെയും ആലോചിക്കാറുണ്ട്. അമ്മയെ പോലെ ജീവിതത്തില്‍ ഒരു വഴിത്തിരിവായ സ്‍ത്രീ ലക്ഷ്‍മി മാമാണ്.- ആശാ ശരത് പറയുന്നു.
സ്‍ത്രീ പുരുഷന് മുകളില്‍ ആകണം എന്നു പറയുന്ന സ്‍ത്രീ അല്ല ഞാൻ. പക്ഷേ അവര്‍ക്ക് സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ ഉണ്ടാകണം. മറ്റുള്ളവരെ പേടിക്കാതെ ജീവിക്കാൻ സാധിക്കണം. അല്ലെങ്കില്‍ തന്റേതായ അവകാശങ്ങള്‍, തന്റേതായ വ്യക്തിമുദ്രയോടെ സമൂഹത്തില്‍ ജീവിക്കാൻ സാധിക്കണം എന്നാണ് ഞാൻ എന്ന സ്‍ത്രീ എപ്പോഴും ആവശ്യപ്പെടാറുള്ളത്- ആശാ ശരത് പറഞ്ഞു.
