മുംബൈ: കള്ളപ്പണ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അമിതാഭ് ബച്ചന്‍. തനിക്കെതിരെയുള്ള എന്ത് ആരോപണത്തിലും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ജീവിതത്തിന്‍റെ ഈ പ്രായത്തിലെങ്കിലും തന്നെ വെറുതെ വിടണമെന്നും അമിതാഭ് ബച്ചന്‍ പ്രതികരിച്ചു. ജീവിതത്തില്‍ ബാക്കിയുള്ള കുറച്ചുനാളുകള്‍ എന്നില്‍ മാത്രമൊതുങ്ങിയുള്ള ജീവിതമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അമിതാഭ് പറഞ്ഞു.
നികുതിവെട്ടിപ്പിലൂടെ വിദേശത്ത് കോടികളുടെ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ട പാരഡൈസ് പേപ്പേര്‍സ് റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു ബോളിവുഡ് മെഗാസ്റ്റാര്‍ ബച്ചന്‍. നാളെ ചിലപ്പോള്‍ ഇതിനേക്കാള്‍ വലുത് എന്തെങ്കിലും വന്നേക്കാം എന്നാല്‍ അതുമായെല്ലാം ഞാന്‍ സഹകരിക്കും. പക്ഷേ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ മാത്രമാണ് പലതുമെന്നും ബിഗ് ബി പറയുന്നു.

പനാമ രേഖകളിലും ബോഫേഴ്‌സ് അഴിമതിയിലും തന്‍റെ പേര് ഉള്‍പ്പെട്ടപ്പോള്‍ തന്‍റെ ഭാഗം വിശദീകരിച്ച് മുന്‍പും ബിഗ് ബി രംഗത്തെത്തിയിരുന്നു. നികുതിവെട്ടിച്ച് വിദേശത്ത് കോടികളുടെ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങളായിരുന്നു പാരഡൈസ് പേപ്പേര്‍സ് എന്ന പേരില്‍ ജര്‍മ്മന്‍ പത്രമായ സിഡോയിച്ചെ സെതൂങ്ങും ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും പുറത്തുവിട്ടത്.
96 മാധ്യമ സ്ഥാപനങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തിയത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ബോളിവുഡ് താരങ്ങള്‍ എന്നിവര്‍ പട്ടികയിലുണ്ടായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് ഇന്ത്യയില്‍നിന്ന് അന്വേഷണത്തില്‍ പങ്കാളിയായത്. ഈ പട്ടികയില്‍ അമിതാഭ് ബച്ചന്‍റെ പേരും ഉണ്ടായിരുന്നു.

