Asianet News MalayalamAsianet News Malayalam

ഫഹദ്‌! ഒന്നും പറയാനില്ല, തൊണ്ടി മുതലും ദ‌ൃക്‌സാക്ഷിയും- ബി ഉണ്ണിക്കൃഷ്ണന്റെ റിവ്യൂ

B Unnikrishnans review
Author
Thiruvananthapuram, First Published Jul 1, 2017, 2:24 PM IST

ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച 'തൊണ്ടി മുതലും ദ‌ൃക്‌സാക്ഷിയും' മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സിനിമയെ പ്രശംസിച്ച് ബി ഉണ്ണിക്കൃഷ്‍ണന്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതി.

ബി ഉണ്ണിക്കൃഷ്‍ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘മറ്റു പലരേയും പോലെ, ഞാനും ഏറെ ആവേശത്തോടെ, പ്രതീക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രമാണ്‌, "തൊണ്ടിമുതലും ദൃക്സാക്ഷിയും." കണ്ടു. ഇഷ്ടമായി, വളരെയധികം. ലളിതമായ ഒരു കഥ. വളരെ റിയലിസ്റ്റിക്കായ ആഖ്യാനം, അഭിനേതാക്കളുടെ ഗംഭീരപ്രകടനം, മികച്ച സാങ്കേതിക ഘടകങ്ങൾ, രാജീവ്‌ രവിയുടെ ഛായാഗ്രഹണം, സജിയുടെ തിരക്കഥ, ശ്യാം പുഷ്ക്കരന്റെ സർഗ്ഗാത്മക ഇടപെടൽ, സർവ്വോപരി ദിലീഷ്‌ പോത്തന്റെ ആവിഷ്ക്കാര മികവ്‌...

നമ്മുടെ നിയമവ്യവസ്ഥയെ ഇത്ര ഫലപ്രദമായി 'സ്പൂഫ്‌' ചെയ്യുകയും, കുറ്റം/ വിചാരണ/ ശിക്ഷ എന്നീ സംവർഗ്ഗങ്ങളെ നിശിതമായ ഹാസ്യത്തിലൂടെ അപനിർമിക്കുകയും ചെയ്യുന്ന ഒരു സിനിമ അടുത്ത കാലത്ത്‌ കണ്ടിട്ടില്ല. മജിസ്ട്രേറ്റിന്റെ മകൻ ആർത്തിപിടിച്ച്‌ ഭക്ഷണം കഴിക്കുന്നതിനെ പരിഹസിക്കുന്ന പൊലിസുകാരനോട്‌, "കളിയാക്കല്ലേ,സാറെ, ഈ പ്രായത്തിൽ നല്ല വിശപ്പ്‌ കാണുമെന്നു" ( യഥാർത്ഥ വാചകങ്ങൾ ഇതാവണമെന്നില്ല, ഓർമ്മയിൽ നിന്നെഴുതുന്നത്‌) പറയുന്ന കള്ളൻ, തിരക്കഥയിലെ ഒരു 'brilliant stroke' ആണ്‌.

ആ ഒരു ചെറിയ സ്പർശ്ശത്തിലൂടെ കള്ളന്റെ യാതനാഭരിതമായ ഭൂതം മാത്രമല്ല ‌, കള്ളന്മാരെ ഉണ്ടാക്കുന്ന വിശപ്പിന്റെ രാഷ്ട്രീയം കൂടിയാണ്‌ വെളിപ്പെടുന്നത്. ഇങ്ങനെ എത്രയോ മുഹൂർത്തങ്ങളുണ്ട്‌, ഈ സിനിമയിൽ. സുരാജും നായികയായ നിമിഷയും അലൻസിയറും മാത്രമല്ല, പൊലീസുകാരായ പുതിയ അഭിനേതാക്കളെല്ലാം തകർത്തു. ഫഹദ്‌! ഒന്നും പറയാനില്ല. അയാളുടെ അഭിനയത്തിന്റെ തികവ്‌ എഴുതി വിശദമാക്കേണ്ട ഒന്നല്ല; അത്‌, കണ്ടറിയേണ്ട ഒന്നാണ്‌. നിർമാതാവ്‌ സന്ദീപിനും, കൂട്ടാളിക്കും അഭിനന്ദനങ്ങൾ. പ്രിയ ദിലീഷ്‌ പോത്തൻ, എന്റെ സ്നേഹം, ആദരവ്‌, ആശ്ലേഷം.’

Follow Us:
Download App:
  • android
  • ios