കൊച്ചി: ഹണി ബീ 2 എന്ന സിനിമയുടെ സെറ്റില്‍ നടിയെ അപമാനിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെ പിന്തുണച്ച് നടന്‍ ബാബുരാജ്. ഹണി ബീയുടെ രണ്ട് ഭാഗങ്ങളിലും ഉണ്ടായിരുന്ന നടനാണ് ബാബുരാജ്. നടിയുടെ പരാതി തെറ്റാകാനാണ് സാധ്യതയെന്ന് ബാബുരാജ് പറഞ്ഞു. ജീനിനെ അടുത്തറിയാവുന്ന വ്യക്തിയാണ് ഞാന്‍. ജീനിനെ വിളിച്ച് ഇക്കാര്യം ചോദിച്ചിരുന്നു. പരാതിക്കാരിയെ ഹണി ബീ 2ല്‍ ഒരു വേഷത്തിനായി പരിഗണിച്ചിരുന്നു. 

പിന്നീട് വേഷം നല്‍കിയില്ല. അതിന്റെ ദേഷ്യമാണ് പരാതിയുടെ കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ബാബുരാജ് ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ഇത്തരം ചെറിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ വലിയ വിഷയങ്ങളിലുള്ള ശ്രദ്ധ നഷ്ടപ്പെടും. കുറെ കഴിയുമ്പോള്‍ ആളുകള്‍ ഇത് മടുക്കും. പരാതിക്കാര്‍ കള്ളം പറയുന്നു എന്നേ അവര്‍ കരുതൂ. യഥാര്‍ത്ഥ ഇരയ്ക്ക് പോലും നീതി കിട്ടാതെ വരുമെന്നും ബാബുരാജ് പറഞ്ഞു. 

ദിലീപ് കേസും എംഎല്‍എ പീഡിപ്പിച്ച കേസും നിലനില്‍ക്കുന്നതിനാലാണ് ജീന്‍ പോളിന്റെ കേസിന് ഇത്രയും പ്രാധാന്യം ലഭിച്ചതെന്നും ബാബുരാജ് പറഞ്ഞു. ജീനും സുഹൃത്തുക്കളും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ശിക്ഷ ലഭിക്കണമെന്നും ബാബുരാജ് പറഞ്ഞു. ഹണി ബീയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ആറ് മാസമായി. ഇത്രയും കാലം ഈ കുട്ടി എവിടെയായിരുന്നു. ഒരു പരാതി നല്‍കാന്‍ ഇത്രയും കാലം താമസിച്ചത് എന്തിനാണെന്നും ബാബുരാജ് ചോദിച്ചു.