ധാക്ക: ഒരു വിവാഹ വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് ബംഗ്ലാദേശ്. വർഷങ്ങളായി ബംഗ്ലാദേശിന്റെ പ്രണയ സങ്കൽപ്പങ്ങൾക്ക് ആൾരൂപം ബംഗ്ലാവുഡിലെ മിന്നിത്തിളങ്ങിയ പ്രണയജോഡികളുടെ വിവാഹവാർത്ത തന്നെയാണ് അവിടുത്തെ ചൂടുള്ള വിഷയം.
നടി അപു ബിശ്വാസും നടന് ഷക്കിബ് ഖാനുമാണ് തങ്ങൾ വിവാഹിതരായ വാർത്ത പുറത്തുവിട്ടത്. താരങ്ങൾ വിവാഹിതരായത് 2008ല്‍, ഒമ്പതുവര്‍ഷം മുമ്പ്. ഇതുവരെ ഇരുവരും രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് ഏഴു മാസം പ്രായമായ കുട്ടിയുണ്ട്.
ഷക്കിബ് ഖാന്റെ കരിയര്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് വിവാഹം ഇത്രയുംകാലം രഹസ്യമാക്കിവച്ചതെന്ന് അപു ബിശ്വാസ് സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇപ്പോള്‍ ഇരുവരും അകന്നുകഴിയുകയാണ്. ബംഗ്ലാദേശ് കിംഗ് ഖാന് എന്നറിയപ്പെടുന്ന ഷക്കിബ് ഖാനും അപു ബിശ്വാസും 40 ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
അയാളുടെ അഭിവൃദ്ധിക്കുവേണ്ടിയാണ് ഞാന്‍ വിവാഹം രഹസ്യമാക്കിവച്ചത്. അതിനായി എനിക്ക് ഒരുപാട് സഹിക്കേണ്ടിവന്നു. എന്നാല്‍ ഈ അശ്രദ്ധയുടെ കുറ്റം മുഴുവനും ചുമലിലേറ്റാന്‍ ഞാന്‍ തയാറല്ല. എല്ലാം ഞാന്‍ പങ്കുവയ്ക്കുന്നു- അഭിമുഖത്തിനിടെ കണ്ണീരണിഞ്ഞ അപു ബിശ്വാസ് പറഞ്ഞു.
നടിയുടെ വെളിപ്പെടുത്തലുകള്‍ ആദ്യം നിഷേധിച്ച ഷക്കിബ് ഖാന് പിന്നീട് വിവാഹ വാര്‍ത്ത അംഗീകരിച്ചു. എന്നാല്‍ തന്റെ കരിയര്‍ നശിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നടന് ആരോപിച്ചു. തന്നെ നശിപ്പിക്കുന്നതിലുടെ ബംഗ്ലാദേശ് സിനിമയെ നശിപ്പിക്കാനാണ് ശ്രമമെന്നും നടന് കുറ്റപ്പെടുത്തി.
നടിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ സൂപ്പര്‍ സ്റ്റാറിനെതിരേ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും നിരവധി ആളുകള്‍ രംഗത്തെത്തി.
