Asianet News MalayalamAsianet News Malayalam

'ഉള്ളിലെ തീ അണയാതെ മരണംവരെ പോരാടും' ; ആ നടി ഭാഗ്യലക്ഷ്മിയോട് പറഞ്ഞു...

bhagya lakshmi facebook post on actress attack
Author
First Published Jul 11, 2017, 12:17 PM IST

തിരുവനന്തപുരം:  ഉള്ളിലെ തീ അണയാതെ മരണംവരെ നീതിക്കായി പോരാടുമെന്ന് അക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നാവാം അവള്‍ ഒന്ന് ഉറങ്ങിയത്.. ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനം, വേദന, അതിന് പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ലെന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

രണ്ട് ദിവസം മുമ്പും അവളെന്നോട് പറഞ്ഞു, 'ഞാനിങ്ങനെ ഇപ്പോഴും ഓടി നടന്ന് അഭിനയിക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടമില്ലെന്ന് പലരും കരുതുന്നുണ്ടാവാം. ഞാന്‍ കരയുന്നുണ്ട്, പ്രാര്‍ത്ഥിക്കുന്നുണ്ട്, എന്റെ ഉള്ളിലെ തീ അണയാതെ മരണംവരെ ഞാനിതിന് വേണ്ടി പോരാടും. എന്നെ കുറ്റപ്പെടുത്തുന്നവരേയും, എനിക്ക് വേണ്ടി കേരളവും മാധ്യമങ്ങളും പോരാടുന്നതും പ്രാത്ഥിക്കുന്നതും എല്ലാം ഞാന്‍ കാണുന്നുണ്ട് ചേച്ചി' എന്ന്.

പണവും സ്വാധിനവുമെല്ലാം ഉണ്ടായിട്ടും അവര്‍ രക്ഷപെടാതിരുന്നതിന് കാരണം നിന്റെ കണ്ണുനീര്‍ ദൈവം കണ്ടതുകൊണ്ടാണ്. ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി നീയാണ്. അതോര്‍ത്ത് ഇനി നീ സമാധാനമായി ഒന്നുറങ്ങൂ.. ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം. ഈ കേസ് ഇത്ര വേഗത്തില്‍ നടപടിയിലേക്ക് എത്തിയതിന് കാരണം മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാണ്. അതിന് അവര്‍ കേട്ട പഴി ചെറുതല്ല, ടാം റേറ്റിംഗ് കൂട്ടാന്‍ എന്ത് വൃത്തികേടും കാണിക്കും എന്ന് പോലും വിമര്‍ശനം കേട്ടു..

ഏഷ്യാനെറ്റ് വിനുവും മാതൃഭൂമി വേണുവും കേള്‍ക്കാത്ത അസഭ്യമില്ല. വ്യക്തി വിരോധമാണെന്നും പറഞ്ഞു പലരും. എന്നിട്ടും അവര്‍ പിന്മാറാതെ നിന്നു. പൊതുജനം പെണ്‍കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച്‌കൊണ്ടേയിരുന്നു. സിനിമാലോകമോ? എല്ലാം കണ്ടും കേട്ടും മൗനമായിരുന്നു. എനിക്കെന്തെങ്കിലും നഷ്ടമാകുമോ എന്ന ഭയമായിരുന്നു ആ മൗനത്തിന് കാരണം.

തെളിവിന്റെ പേരില്‍ കോടതിയില്‍ ഇനി ഇതെന്താവും എന്നതാണ് അടുത്ത വിഷയം...അത് നമുക്ക് കാത്തിരുന്ന് കാണാം.
സിനിമാലോകത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന മാഫിയകളെ അകറ്റാന്‍, ശുദ്ധികലശം നടത്താന്‍ ഈ കേസ് ഒരു നിമിത്തമാകട്ടേ എന്ന് ഞാനാഗ്രഹിക്കുന്നു.

Follow Us:
Download App:
  • android
  • ios