ബിഗ് ബോസില്‍ മോഹൻലാൽ ധരിച്ച, മമ്മൂട്ടി സ്പെഷ്യൽ ഷർട്ട് സ്വന്തമാക്കാൻ പ്രേക്ഷകർക്ക് അവസരം. ഈ ആഴ്ച പുറത്താകുന്ന മത്സരാർത്ഥിയെ ശരിയായി പ്രവചിക്കുന്ന ഭാഗ്യശാലിക്ക് ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന മത്സരത്തിലൂടെ ഈ ഷർട്ട് സ്വന്തമാക്കാം.
സെപ്റ്റംബർ 7ന് ആയിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ. അദ്ദേഹവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അക്കൂട്ടത്തിലൊന്നായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7ൽ മോഹൻലാൽ ധരിച്ച ഷർട്ട്. മമ്മൂട്ടിയുടെ ഫോട്ടോകൾ പ്രിന്റ് ചെയ്ത അതിമനോഹരമായൊരു സ്പെഷ്യൽ ഷർട്ടായിരുന്നു അത്. ഇപ്പോഴിതാ ഈ വൈറൽ ഷർട്ട് സ്വന്തമാക്കാൻ പ്രേക്ഷകർക്കൊരു അവസരം ഒരുക്കിയിരിക്കുകയാണ് ബിഗ് ബോസ് അണിയറ പ്രവർത്തകർ.
മമ്മൂട്ടി സ്പെഷ്യൽ ഷർട്ട് ലഭിക്കാൻ പ്രേക്ഷകർ ചെയ്യേണ്ട ഒരു കാര്യമുണ്ട്. ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോകുന്ന മത്സരാർത്ഥി ആരാണെന്ന് പ്രവചിക്കുക എന്നതാണ് അത്. ഏഷ്യാനെറ്റ് ഇൻസ്റ്റാഗ്രാം പേജിൽ "Wear The LegendC ontest" എന്ന പോസ്റ്റിന് താഴെ കമന്റ് ചെയ്യേണ്ടതാണ്. ശരിയായി പ്രവചിക്കുന്ന ഒരു ഭാഗ്യശാലിക്ക് മമ്മൂട്ടി സ്പെഷ്യൽ ഷർട്ട് സ്വന്തമാക്കാവുന്നതാണ്. ഇത്തവണ പതിനൊന്ന് മത്സരാർത്ഥികളാണ് എവിക്ഷൻ ലിസ്റ്റിലുള്ളത്. ആദില, അനീഷ്, ബിന്നി, ലക്ഷ്മി, അഭിലാഷ്, സാബുമാൻ, ഷാനവാസ്, ജിഷിൻ, ആര്യൻ, അക്ബർ, ജിസേൽ എന്നിവരാണ് അവർ.
അതേസമയം, കളങ്കാവൽ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ചിത്രം ഒരു ക്രൈം ത്രില്ലറാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയേറ്റ് എന്ന ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങി വലിയ താരനിരയും ഇവർക്കൊപ്പം ചിത്രത്തിൽ എത്തുന്നുണ്ട്.



