ചെന്നൈ: ബിഗില്‍ സിനിമയുടെ പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന് തമിഴ്നാട് കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം. പുലര്‍ച്ചെയുള്ള പ്രത്യേക പ്രദര്‍ശനം വൈകിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. സിനിമയുടെ പോസ്റ്ററുകള്‍ നശിപ്പിച്ച ആരാധകര്‍ റോഡിലിറങ്ങി ബാരിക്കേഡുകള്‍ തകര്‍ക്കുകയും സ്ഥാപനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞ് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പോസ്റ്ററുകളും ബാരിക്കേഡും തിയറ്റര്‍ കവാടത്തിന് മുന്നിലിട്ട് കത്തിച്ചു. 

പുലര്‍ച്ചെ ഒരുമണിക്കാണ് കൃഷ്ണഗിരിയിലെ മൂന്ന് തിയറ്ററുകളില്‍ വിജയ് സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്താനിരുന്നത്. എന്നാല്‍, സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് പ്രദര്‍ശനം രണ്ട് മണിക്കൂര്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ആരാധകര്‍ റോഡിലിറങ്ങിയത്. നൂറോളം പൊലീസ് എത്തിയാണ് സ്ഥിതി സാധാരണ നിലയിലാക്കിയത്.