ന്യൂഡല്‍ഹി: മോഹന്‍ലാലിന്‍റെ ലാലിസം എന്ന സംഗീതപരിപാടി പൊളിഞ്ഞതിന് സമാനമായ അവസ്ഥയില്‍ ബോളിവുഡ് താരം ബോബി ഡിയോളും. ഡിജെ ആകാന്‍ താരം നടത്തിയ ശ്രമമാണ് തുടക്കത്തില്‍ തന്നെ ചീറ്റിയത്. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിയിലെ ബോബിയുടെ ഡിജെ അവതരണമാണ് തകര്‍ന്നത്.

ബോബി ഡിജെ ആയി എത്തുന്നതിനാല്‍ വലിയ തുകയ്ക്കാണ് ടിക്കറ്റുകള്‍ വിറ്റു പോയത്. ബോബിയുടെ തന്നെ ഹിറ്റ് ചിത്രം ഗുപ്തിലെയും മറ്റും ഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു പരിപാടി. പാട്ടുകള്‍ ആവര്‍ത്തനമായപ്പോള്‍ പാര്‍ട്ടിയും കുളമായി. കൂവലും ബഹളവുമായതോടെ താരം പരിപാടി നിര്‍ത്തി മുങ്ങി. ടിക്കറ്റിനായി മുടക്കിയ പണം തിരികെ നല്‍കണമെന്നാശ്യപ്പെട്ടായിരുന്നു ബഹളം. തുടര്‍ന്നു സോഷ്യല്‍ മീഡിയയില്‍ താരത്തെ പരിഹസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. ഒരു ഇടവേളയ്ക്ക് ശേഷം ചെങ്കസ് എന്ന സിനിമയിലൂടെ സജീവമാകാന്‍ ഒരുങ്ങിയ ബോബി ഡിയോളിന് സംഭവം കനത്ത തിരിച്ചടി ആയിരിക്കുകയാണ്.

മുന്‍പ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ ലാലിസം എന്ന സംഗീതബാന്‍ഡിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പരിപാടി അവതരിപ്പിച്ചതിന് മോഹന്‍ലാലിനു സമൂഹമാധ്യമങ്ങളില്‍ നിന്നും രൂക്ഷമായ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു.