ഭയപ്പെടുത്തുന്ന സാഹചര്യമാണ്, ദയവായി സഹായിക്കണം എന്നായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്.
കേരളം നേരിടുന്ന സമാനതകളില്ലാത്ത പ്രളയദുരന്തത്തിന് ദേശീയമാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. റസൂല്‍ പൂക്കുട്ടി അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. ദേശീയ മാധ്യമങ്ങള്‍ വേണ്ടത്ര ഗൗനിക്കുന്നില്ലെങ്കിലും ബോളിവുഡ് താരങ്ങള്‍ അങ്ങനെയല്ല. തങ്ങളുടെ ആരാധകരോട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വിദ്യ ബാലനുമടക്കമുള്ള താരങ്ങള്‍.
ഭയപ്പെടുത്തുന്ന സാഹചര്യമാണ്, ദയവായി സഹായിക്കണം എന്നായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്. ഒപ്പം പ്രധാന എമര്‍ജന്‍സി നമ്പരുകളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ സംഭവിക്കുന്നത് കാണുന്നതും കേള്‍ക്കുന്നതും വലിയ വിഷമമുണ്ടാക്കുന്നുവെന്നും ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്നുമായിരുന്നു അഭിഷേക് ബച്ചന്റെ ട്വീറ്റ്. കരണ്‍ ജോഹര്‍, ശ്രദ്ധ കപൂര്‍, കാര്‍ത്തിക് ആര്യന്‍, സുനില്‍ ഷെട്ടി, വരുണ്‍ ധവാന്‍ എന്നിവരൊക്കെ തങ്ങളുടെ ട്വിറ്റര്‍ പേജുകളിലൂടെ കേരളത്തിനായി സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.