Asianet News MalayalamAsianet News Malayalam

ഈ കോമ്പോ ഹിറ്റ്, ബോക്സ് ഓഫീസില്‍ ഇടിച്ചുനേടി 'ആന്‍റണി'; ആദ്യ 3 ദിവസത്തെ കളക്ഷന്‍

ഡിസംബര്‍ 1 വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം

antony malayalam movie first weekend box office collection joshiy joju george kalyani priyadarshan nsn
Author
First Published Dec 4, 2023, 5:37 PM IST

പഴയ തലമുറ സംവിധായകരില്‍ തന്‍റെ പേരിന് ഇപ്പോഴും ബ്രാന്‍ഡ് വാല്യു സൂക്ഷിക്കുന്ന അപൂര്‍വ്വം പേരേ ഉള്ളൂ. അക്കൂട്ടത്തില്‍ പ്രധാനിയാണ് ജോഷി. ചെറിയ ഇടവേളയ്ക്ക് ശേഷം മാറിയ പ്രേക്ഷകരുടെ പള്‍സ് മനസിലാക്കി അദ്ദേഹം ഒരുക്കിയ ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. പിന്നാലെ സുരേഷ് ഗോപി നായകനായ പാപ്പനും എത്തി. രണ്ട് ചിത്രങ്ങളുിം ഹിറ്റ് ആയിരുന്നു. പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. പൊറിഞ്ചു മറിയം ജോസിലെ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആന്‍റണിയാണ് ആ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്.

ഡിസംബര്‍ 1 വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിരുന്നത്. ഒപ്പം ഭേദപ്പെട്ട ഓപണിംഗും ലഭിച്ചിരുന്നു. ആദ്യ വാരാന്ത്യത്തില്‍ തന്നെ തിയറ്ററുകളിലേക്ക് കുടുംബപ്രേക്ഷകര്‍ കാര്യമായി എത്തി എന്നതാണ് നിര്‍മ്മാതാക്കളെ സന്തോഷിപ്പിക്കുന്ന കാര്യം. ശനി, ഞായര്‍ ദിനങ്ങളില്‍ റിലീസ് ദിനത്തെ അപേക്ഷിച്ച് 35 ശതമാനം ഒക്കുപ്പന്‍സിയാണ് വര്‍ധിച്ചത്. ഇതോടെ പല തിയറ്ററുകളും പ്രദര്‍ശനങ്ങളുടെ എണ്ണവും കൂട്ടി. ആദ്യ മൂന്ന് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 6 കോടി നേടിയതായാണ് കണക്കുകള്‍. ഒരു ജോജു ജോര്‍ജ് ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.

നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടെയ്ന്‍‍മെന്‍റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ'യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച് ഒരുക്കിയ 'ആന്റണി'യിൽ മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് പുറമെ വൈകാരിക ഘട‌കങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്.

ALSO READ : മമ്മൂട്ടിക്ക് അടുത്ത ഹിറ്റ്? 'കാതല്‍' കേരളത്തില്‍ നിന്ന് 11 ദിവസം കൊണ്ട് നേടിയ കളക്ഷനും ഷെയറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios