അന്ന് എല്ലാവരും പരിഹസിച്ചു, പക്ഷേ റിലീസിന് മുൻപേ ബജറ്റ് തിരിച്ചുപിടിച്ചു, 'ബാഡാസ് രവികുമാര്‍' ആദ്യദിനം നേടിയത്

വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

Badass Ravi Kumar opening box office collection Himesh Reshammiya

സിനിമകളുടെ സ്വീകാര്യത എപ്പോഴും അപ്രവചനീയമാണ്. വലിയ കൊട്ടും കുരവയുമായി എത്തുന്ന ചില ബിഗ് കാന്‍വാസ് ചിത്രങ്ങള്‍ തിയറ്ററുകളില്‍ തകര്‍ന്നടിയുമ്പോള്‍ താരതമ്യേന ചെറിയ ചിത്രങ്ങള്‍ പലപ്പോഴും ആളെ കൂട്ടാറുണ്ട്. ഇപ്പോഴിതാ ബോളിവുഡില്‍ ഈ ആഴ്ചത്തെ റിലീസുകളില്‍ കൌതുകം പകരുന്ന ഒരു ചിത്രമുണ്ട്. ട്രെയ്‍ലര്‍ അടക്കമുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പുറത്തെത്തിയപ്പോള്‍ ട്രോള്‍ ആയ ഒരു ചിത്രമാണ് അത്. ഹിമേഷ് രഷമിയയെ നായകനാക്കി കെയ്ത്ത് ഗോമസ് സംവിധാനം ചെയ്ത ബാഡാസ് രവികുമാര്‍ എന്ന ചിത്രമാണ് അത്.

വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആമിര്‍ ഖാന്‍റെ മകന്‍ നായകനായെത്തുന്ന ലവ്‍യപ്പ ആയിരുന്നു ബോളിവുഡില്‍ നിന്ന് ഈയാഴ്ചയുള്ള മറ്റൊരു റിലീസ്. ഈ മത്സരത്തില്‍ ബാഡാസ് രവികുമാര്‍ വിജയിച്ചത് ട്രേഡ് അനലിസ്റ്റുകള്‍ കൌതുകത്തോടെയാണ് നോക്കിക്കണ്ടത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ലവ്‍യപ്പ ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് 1.35 കോടി ആണെങ്കില്‍ ബാഡാസ് രവികുമാര്‍ നേടിയിരിക്കുന്നത് 13.5 കോടിയാണ്. ഷാഹിദ് കപൂറിന്‍റെ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ദേവ, അക്ഷയ് കുമാറിന്‍റെ സ്കൈ ഫോഴ്സ് എന്നിവയും തിയറ്ററുകളില്‍ തുടരുമ്പോള്‍ ബാഡാസ് രവികുമാര്‍ നടത്തിയിരിക്കുന്നത് മികച്ച പ്രകടനമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം ചിത്രം റിലീസിന് മുന്‍പ് തന്നെ മറ്റ് റൈറ്റ്സിന്‍റെ വില്‍പ്പനയിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മ്മാതാവിനെ സംബന്ധിച്ച് ഏറെ ഗുണകരമായ സാഹചര്യമാണ് മുന്നിലുള്ളത്. റിലീസ് ദിനത്തിലെ ബോക്സ് ഓഫീസ് സൂചന മുന്നോട്ട് തുടരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. പാരഡി ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്.

ALSO READ : ഉള്ള് തൊടുന്ന കഥ, പെര്‍ഫോമന്‍സിന് കൈയടി; 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് യുട്യൂബ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios