കര്‍ണ്ണാടകയില്‍ 46 സെന്‍ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്

മമ്മൂട്ടി (Mammootty) നായകനായ ചിത്രങ്ങളുടെ കൂട്ടത്തില്‍ മാത്രമല്ല സമീപകാലത്ത് മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആവുകയാണ് ഭീഷ്‍മ പര്‍വ്വം (Bheeshma Parvam). ചിത്രം ഒരാഴ്ചയ്ക്കകം തന്നെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ നഗരങ്ങളിലും യുഎഇ, ജിസിസി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡ് മൂന്നാം തരംഗത്തിനു ശേഷം തിയറ്റര്‍ അനുഭവം വാഗ്‍ദാനം ചെയ്യുന്ന ഒരു ചിത്രം ആഘോഷമാക്കുകയാണ് സിനിമാപ്രേമികള്‍. ഇപ്പോഴിതാ ചിത്രത്തിന് കര്‍ണാടകയില്‍ നിന്ന് ലഭിച്ച കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ട് (Karnataka Box Office) പുറത്തെത്തുകയാണ്.

ചെന്നൈ പോലെ മലയാള സിനിമകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്ന ഒരു നഗരമാണ് ബംഗളൂരു. മലയാളികളുടെ എണ്ണം തന്നെ പ്രധാന കാരണം. ബംഗളൂരുവിലെ മികച്ച സ്ക്രീന്‍ കൗണ്ട് കൂടാതെ മംഗളൂരിലും മൈസൂരിലും കുന്താപുരയിലുമൊക്കെ ചിത്രത്തിന് റിലീസിംഗ് സെന്‍ററുകള്‍ ഉണ്ടായിരുന്നു. ആകെ 46 റിലീസിംഗ് സെന്‍ററുകളായിരുന്നു ചിത്രത്തിന് അവിടെ. ഇപ്പോഴിതാ ലഭ്യമായ കണക്കുകള്‍ പ്രകാരം ഭീഷ്മ പര്‍വ്വത്തിന് മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് കര്‍ണാടകത്തില്‍ ലഭിച്ചത്. ആദ്യ ഒരാഴ്ച കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് ചിത്രം നേടിയത് 3.18 കോടി രൂപയാണെന്ന് ബോക്സ് ഓഫീസ് കര്‍ണ്ണാടക എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്യുന്നു. ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.70 കോടിയാണെന്നും അവര്‍ അറിയിക്കുന്നു. 

ത്രില്ലടിപ്പിച്ച് ഒരു രാത്രി സവാരി, 'നൈറ്റ് ഡ്രൈവ്' റിവ്യൂ

സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ഇത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി.

Scroll to load tweet…

ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാലാ'ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.