ഇന്നലെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന മറുഭാഷാ ചിത്രങ്ങള്‍ക്ക് എപ്പോഴും മികച്ച കളക്ഷന്‍ നേടിക്കൊടുക്കുന്ന ഇടമാണ് കേരളം. രജനി ചിത്രം കൂലിയുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണ്. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം എന്നതായിരുന്നു കൂലിയുടെ യുഎസ്‍പി. ലോകേഷിന്‍റെ കഴിഞ്ഞ ചിത്രങ്ങളൊക്കെയും കേരളത്തില്‍ മികച്ച കളക്ഷന്‍ നേടിയവയാണ്. കേരളത്തിലെ സിനിമാപ്രേമികളുടെ പ്രിയ സംവിധായകനുമാണ് അദ്ദേഹം. ഇതൊക്കെയും ചിത്രത്തിന്‍റെ കേരളത്തിലെ ഹൈപ്പിന് കാരണമായിരുന്നു. ട്രാക്കര്‍മാര്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് ആദ്യ ദിനം നേടിയിരിക്കുന്നത് 9.75 കോടിയാണ്.
കേരളത്തില്‍ ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഓപണിംഗ് ആണ് ഇത്. ലോകേഷ് കനകരാജിന്‍റെ തൊട്ടുമുന്‍പത്തെ ചിത്രം ലിയോ ആണ് ഈ ലിസ്റ്റില്‍ ഒന്നാമത്. 12 കോടി ആയിരുന്നു വിജയ് നായകനായ ലിയോയുടെ കേരള ഓപണിംഗ്. എല്ലാ ഭാഷാ ചിത്രങ്ങളുമെടുത്താല്‍ കൂലി കേരള ഓപണിംഗില്‍ മൂന്നാം സ്ഥാനത്താണ്. പൃഥ്വിരാജിന്‍റെ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 14.07 കോടി ആയിരുന്നു എമ്പുരാന്‍റെ കേരള ഓപണിംഗ്. രണ്ടാം സ്ഥാനത്ത് ലിയോയും. നിലവില്‍ മൂന്നാമത് കൂലിയാണ് ലിസ്റ്റില്‍. 7.30 കോടി നേടിയ കെജിഎഫ് 2 നെ ആണ് കൂലി മറികടന്നത്. 7.75 കോടി നേടിയ ഒടിയന്‍ ആണ് പുതിയ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്.
അതേസമയം അഡ്വാന്‍സ് ബുക്കിംഗിലൂടെ കേരളത്തില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിലും കൂലി മൂന്നാം സ്ഥാനത്താണ്. എമ്പുരാനും ലിയോയും തന്നെയാണ് ഈ പട്ടികയിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്‍റെ കണക്ക് പ്രകാരം എമ്പുരാന്‍റെ കേരളത്തിലെ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് ഫിഗര്‍ 11.69 കോടി ആയിരുന്നു. ലിയോ നേടിയിരുന്നത് 8.81 കോടിയും. അഡ്വാന്‍സ് ബുക്കിംഗില്‍ ലിയോയുടെ അടുത്ത് വരെ എത്തിയിരുന്നു കൂലി. കൂലിയുടെ കേരളത്തിലെ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് ഫിഗര്‍ 8.02 കോടിയാണ്.
അതേസമയം ഞായറാഴ്ച വരെയുള്ള ആദ്യ വാരാന്ത്യ ദിനങ്ങളിലേക്കും ചിത്രം ഭേദപ്പെട്ട അഡ്വാന്‍സ് ബുക്കിംഗ് നേടിയിരുന്നു. അതിനാല്‍ത്തന്നെ കേരളത്തില്‍ കൂലിയുടെ ഓപണിംഗ് വീക്കെന്‍ഡ് കളക്ഷനും മികച്ചതായിരിക്കുമെന്ന് ഉറപ്പാണ്.

