നാനിയുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങളില്‍ ഒന്നായേക്കും ചിത്രം

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം സാമ്പത്തിക വിജയം നേടുന്ന സിനിമകള്‍ തുടര്‍ച്ചായി സംഭവിക്കുന്നത് തെലുങ്കില്‍ നിന്നാണ്. തെലുങ്ക് ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യമാക്കി ടോളിവുഡ് സിനിമകള്‍ക്ക് മുന്‍പ് തന്നെ ആഗോള റിലീസ് ഉണ്ടായിരുന്നു. എന്നാല്‍ ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലേക്കും തെലുങ്ക് സിനിമകള്‍ ഇന്ന് കടന്നുചെല്ലുന്നു എന്നതാണ് ഈ സാമ്പത്തിക വിജയങ്ങള്‍ക്കു പിന്നിലുള്ള പുതിയ കാരണം. ഇപ്പോഴിതാ ടോളിവുഡില്‍ നിന്നുള്ള പുതിയ വിജയ വാര്‍ത്ത നാനി നായകനായി എത്തിയ ദസറയെക്കുറിച്ചാണ്. മാര്‍ച്ച് 30 ന് തിയറ്ററുകളിലെത്തിയ ചിത്രം നാനിയുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങളില്‍ ഒന്നായേക്കും എന്നതിന്‍റെ സൂചനകളാണ് ഇനിഷ്യല്‍ കളക്ഷനില്‍ നിന്നുള്ള ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ ചിത്രം 45.50 കോടി നേടിയെന്ന് ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലുങ്ക് സിനിമയുടെ വിദേശ മാര്‍ക്കറ്റുകളില്‍ പ്രധാനപ്പെട്ട ഒന്നായ അമേരിക്കയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 1.45 മില്യണ്‍ ഡോളറിന് മുകളിലാണ്. അതായത് 12 കോടി രൂപ. ഒരു നാനി ചിത്രം യുഎസില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്. ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 53 കോടി രൂപയാണെന്ന് നിര്‍മ്മാതാക്കളായ എസ് എല്‍ വി സിനിമാസ് അറിയിച്ചിരുന്നു. 

ഐഎംഡിബിയുടെ കണക്ക് പ്രകാരം നാനിയുടെ ഒരു ചിത്രം മാത്രമാണ് ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ളത്. എസ് എസ് രാജമൗലിയുടെ ഈഗയാണ് അത്. അദ്ദേഹം നായകനായ കഴിഞ്ഞ ചിത്രം അണ്ടെ സുന്ദരനികിയുടെ ലൈഫ് ടൈം കളക്ഷന്‍ 39 കോടി ആയിരുന്നു. വെറും രണ്ട് ദിവസം കൊണ്ടുതന്നെ ഇതിനെ മറികടന്നിരിക്കുകയാണ് ദസറ എന്നത് ഈ ചിത്രത്തില്‍ ടോളിവുഡിനുള്ള പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.

ALSO READ : ബിഗ് ബോസ് ഇഷ്‍ടമല്ലായിരുന്നോ എന്ന് മോഹന്‍ലാല്‍; അഖില്‍ മാരാരുടെ മറുപടി